ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊവിഡ് പരിശോധന: നപടി രോഗവ്യാപനം തടയാനെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jun 14, 2020, 10:33 AM IST
Highlights

 സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.  രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്ന് അവർ പറഞ്ഞു. 

വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. ഗൾഫിലെ സന്നദ്ധ സംഘടനകൾക്ക് ടെസ്റ്റ് നടത്താനുള്ള സഹായം ചെയ്യാമെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി വിവാദമാക്കിയ പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനമാണ് ആരോഗ്യമന്ത്രി നടത്തിയത്. വിപത്ത് വരുമ്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ചെറിയ ബുദ്ധിമുട്ടുകൾ പോലും പ്രതിപക്ഷം പർവ്വതീകരിക്കുകയാണെന്നും കെക ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും അവർ തുറന്നടിച്ചു. 

നേരത്തെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ തുടങ്ങിയ വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് വന്നപ്പോൾ മെയ് ഏഴിന് ശേഷമുള്ള രണ്ടാം ഘട്ടത്തിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രി കണക്കുകൾ വിശദീകരിച്ചു കൊണ്ടു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവർ ഇക്കാര്യം പറഞ്ഞത്. 
 

click me!