കെകെ ശൈലജ മന്ത്രിയാകില്ല; രണ്ടാം പിണറായി സർക്കാരിൽ നിന്ന് ഒഴിവാക്കി സിപിഎം

Published : May 18, 2021, 12:58 PM ISTUpdated : May 18, 2021, 02:09 PM IST
കെകെ ശൈലജ മന്ത്രിയാകില്ല; രണ്ടാം പിണറായി സർക്കാരിൽ നിന്ന് ഒഴിവാക്കി സിപിഎം

Synopsis

മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. 

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച. എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതുതീരുമാനവും വേണമെന്ന നിലപാടിൽ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. 

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം. എന്നാൽ 88 അംഗ സമിതിയിൽ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്. പൊതു സമൂഹത്തിലും ഭരണ തലത്തിലും കെകെ ശൈലജക്ക് ഉണ്ടായിരുന്നത് മികച്ച പ്രതിച്ഛായയാണ്. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള തുടർചര്‍ച്ചകളും വിമർശനങ്ങളും എല്ലാം ഉയർന്ന് വരാനിടയുണ്ട്. എന്നാൽ അത് മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യവും മികച്ച പ്രവർത്തനവും കൊണ്ട് മറികടക്കാനാകുമെന്നാണ് വിലയിരുത്തിരുന്നത്. ഇതോടെ ആരോഗ്യ വകുപ്പ് ഇനി ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും കൗതുകമേറി.

മാത്രമല്ല ജനാഭിപ്രായത്തിന്‍റെ പിൻബലത്തിൽ മുന്നോട്ട് പോകാൻ പാര്‍ട്ടിക്ക് ആകില്ലെന്നും സിപിഎം വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ രണ്ട് തവണ മത്സരിച്ചവര്‍ മാറി നിൽക്കട്ടെ  എന്ന തീരുമാനം സിപിഎം എടുക്കുകയും ജി സുധാകരനും തോമസ് ഐസകും അടക്കം മുതിര്‍ന്ന മന്ത്രിമാര്‍ക്ക് വരെ മത്സര രംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിന്റെ തുടര്‍ച്ചായാണ്  മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യം എന്ന നിര്‍ണ്ണായക തീരുമാനത്തിന് മുന്നിൽ കെകെ ശൈലജയും ഒഴിവാക്കപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി