കെകെ ശൈലജയെ ഒഴിവാക്കിയ തീരുമാനം; യെച്ചൂരിയടക്കം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്

By Web TeamFirst Published May 18, 2021, 6:48 PM IST
Highlights

സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തിൽ പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രതികരണത്തിലുള്ളത്. മുഖ്യമന്ത്രി ഒഴികെ പുതിയ ടീം വരണം എന്ന് തീരുമാനിച്ചു. ആരെയും ഒഴിവാക്കിയതല്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി.

ദില്ലി/ തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സിപിഎം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്. പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തോട് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് സൂചന. കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീങ്ങുന്നത്.

സംസ്ഥാനത്തെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് വിവരം. കൂടുതൽ പ്രതികരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തിൽ പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രതികരണത്തിലുള്ളത്. വൃന്ദാകാരാട്ടും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയെന്നാണ് വിവരം.  മുഖ്യമന്ത്രി ഒഴികെ പുതിയ ടീം വരണം എന്ന് തീരുമാനിച്ചു. ആരെയും ഒഴിവാക്കിയതല്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും പറഞ്ഞു.തീരുമാനത്തെ കേരളത്തിൽ നിന്നുള്ള മറ്റൊരു പിബി അംഗമായ എംഎ ബേബിയും ന്യായീകരിച്ചു.

പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല എന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിക്കുന്നു. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കൾ കരുതുന്നു.

മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഈ തീരുമാനത്തിൽ ഇല്ലെന്ന് പറയുമ്പോഴും കേന്ദ്രതലത്തിലും ഇക്കാര്യം തുടർചർച്ചകൾക്ക് ഇടയാക്കും.എന്നാൽ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്ത പശ്ചാത്തലത്തിൽ തല്ക്കാലം ഇടപെടൽ സാധ്യമല്ല. പിന്നീട് പിബിയും സിസിയും ചേരുമ്പോൾ എതിർപ്പുള്ളവർക്ക് അത് പറയാം എന്നാണ് പാർട്ടി വ്യത്തങ്ങൾ വ്യക്തമാക്കുന്നത്.

click me!