പാസ് ഇല്ലാതെ വാളയാർ വഴി വന്നയാൾക്ക് രോഗം, പരിസരത്തു ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published May 13, 2020, 12:38 PM IST
Highlights

കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. ഇവരും നിരീക്ഷണത്തിൽ പോകേണ്ടി വന്നേക്കാം. ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന് മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാളയാർ വഴി വന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിസരത്തു ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. 
സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. 

പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരൻ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്.

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഒമ്പതിന് രാവിലെ വാളയാറെത്തി. അവിടെ വെച്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. 

click me!