
കാസർകോട്: കര്‍ണാടകയിലെ റെഡ് സോണായ മൈസൂരില്‍ നിന്നടക്കം പണം വാങ്ങി കാസര്‍കോട്ടേക്ക് ആളുകളെ എത്തിക്കുന്ന സംഘം സജീവം. കേരളാ - കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന, പോലീസ് പരിശോധനയില്ലാത്ത ഗ്രാമീണ റോഡുകള്‍ വഴിയാണ് പണം വാങ്ങിയുള്ള ഈ കടത്ത്. ആരോഗ്യപ്രവര്‍ത്തകരറിയാതെ നിരവധി പേര്‍ അതിര്‍ത്തി കടന്നെത്തുന്നത് വലിയ ആശങ്കയാണ് ഈ മേഖലയിലുണ്ടാക്കുന്നത്.
സുള്ള്യയില്‍ നിന്ന് പാസ്സില്ലാതെ കര്‍ണാടക അതിര്‍ത്തി കടന്ന് കാസര്‍കോട്ട് മുള്ളേരിയയിലെ വീട്ടിലെത്താന്‍ 2500 രൂപ നല്‍കേണ്ടിവന്നെന്ന് പാസ്സില്ലാതെ എത്തിയ കൂലിപ്പണിക്കാരനായ ആള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
''മടിക്കേരിയിൽ നിന്നും മൈസുരുവിൽ നിന്നും എളുപ്പത്തിൽ വരാനുള്ള വഴികളാണ് സുള്ള്യയിലെയും പുത്തൂരിലെയും ചെറുവഴികൾ. എളുപ്പത്തിൽ പാസ്സില്ലാതെ വരാൻ വേണ്ടി നിരവധി ആളുകൾ ഈ വഴി വരുന്നുണ്ട്. ഇത് വഴി വാഹനമാർഗമോ അല്ലാതെയോ നിരവധി ആളുകളെ പൈസ വാങ്ങി എത്തിക്കാനുള്ള സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതിനൊരു മാഫിയ തന്നെയുണ്ട്'', എന്ന് സിപിഎം കാറഡുക്ക ഏരിയാ കമ്മിറ്റി സെക്രട്ടറി സിജി മാത്യു പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഞങ്ങള്‍ അതിര്‍ത്തിപ്രദേശമായ മുള്ളേരിയയില്‍ എത്തിയത്.
ഇവിടെ രണ്ട് ദിവസം മുമ്പ് മടിക്കേരിയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ കൂലിപ്പണിക്കാരായ അച്ഛനെയും മകനെയും ക്വാറന്‍റൈൻ ചെയ്തിരുന്നു. എത്തിയ കാര്യം ഇവര്‍ തന്നെ പ്രദേശത്തെ പൊതുപ്രവര്‍ത്തകരെ അറിയച്ചതിനാല്‍ നിരീക്ഷണത്തിലാക്കി.
''ഒരു സ്ഥലത്തെത്തിയപ്പോ ഒറങ്ങുന്നെങ്കി, ഒറങ്ങിക്കോ എന്ന് (ഉറങ്ങുന്ന ഭാവം നടിച്ച് താഴ്ന്നിരിക്കാൻ) അവർ ഞങ്ങളോട് പറഞ്ഞു. അത് ചെക്ക്പോസ്റ്റാണോ അല്ലയോ എന്നൊന്നും നമ്മളറീല'', എന്നാണ് മടിക്കേരിയിൽ നിന്ന് എത്തിയ ആൾ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത്.
കര്‍ണാടകയിലെ പുത്തൂരില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് കാസര്‍കോട് മുള്ളേരിയയിലെ വീട്ടിലെത്തിച്ചത്.
''ആ റിക്ഷയിൽ സുള്ള്യ വരെ വന്നു. അവിടെ നിർത്തി, അവിടെ നിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ലെന്ന് പറഞ്ഞു. നടന്ന് പോകണ്ടേ എന്ന് പറഞ്ഞപ്പോൾ അവർ ഇവിടെ കൊണ്ടുവിട്ടു'', എന്ന് വന്നയാൾ പറയുന്നു.
ഇതേക്കുറിച്ചറിയാന്‍ കര്‍ണാടക റോഡ് മണ്ണിട്ടടച്ച അതിര്‍ത്തിയിലെ ഗ്രാമീണ റോഡില്‍ ഞങ്ങളെത്തി. ഇത് വെള്ളൂരിലാണ്.
ആളുകള്‍ ഇതുവഴി പോയി വരുന്നുണ്ടോ എന്നറിയാന്‍ തൊട്ടടുത്ത വീട്ടുകാരോടന്വേഷിച്ചു.
''പിക്കപ്പിലും റിക്ഷയിലും ഒക്കെയായി ഒരുപാട് പേര് ഒന്നിച്ച് വരാറുണ്ട്'', എന്ന് അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന റുഖിയ പറയുന്നു.
കര്‍ണാടകയില്‍ നിന്ന് ആരുടെയും കണ്ണില്‍പ്പെടാതെ അനധികൃത കടത്ത് തകൃതിയായി നടക്കുന്നുണ്ടെന്ന് ചുരുക്കം.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ദേശീയ പാതയും സംസ്ഥാന പാതകളും കൂടാതെ ഇരുപതിലധികം ഗ്രാമീണ റോഡുകള്‍ കാസര്‍കോഡ് ജില്ലയിലുണ്ട്. ഈ റോഡുകളിലൊന്നും കേരള. കര്‍ണാടക പോലീസിന്‍റെ സാന്നിധ്യമില്ല. ഇങ്ങനെ അനധികൃതമായി എത്തിയ മുപ്പതിലധികം പേരെയാണ് ഇതിനകം കാസര്‍കോട്ട് ക്വാറന്‍റൈനില്‍ ആക്കിയത്.
പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ
''ഇങ്ങനെ ആളെ എത്തിക്കുന്നുവെന്ന വിവരം നേരത്തേ കിട്ടിയിരുന്നു. മൂന്ന് ദിവസം മുമ്പ് പല വഴികളിലും പരിശോധന നടത്തിയിരുന്നു. തോക്ക് വച്ച പൊലീസുകാരെ തന്നെ ഇവിടങ്ങളിൽ നിയോഗിച്ചു. ജനജാഗ്രതാ സമിതികളോട് ഈ കാര്യം ശ്രദ്ധിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. പൊലീസ് ബറ്റാലിയനും നിർദേശം നൽകി. കാസർകോട്ടെ ജനങ്ങൾ ജാഗ്രതയുള്ളവരാണ്. അവർ ഇത്തരം എന്ത് വിവരങ്ങളും വിളിച്ചറിയിക്കാറുണ്ട്. വലിയൊരു ആളെക്കടത്ത് നടക്കുന്നുണ്ടോ എന്ന് സംശയമാണ്. പക്ഷേ, അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ അറസ്റ്റുൾപ്പടെയുള്ള നടപടികളുണ്ടാകും'', ജില്ലാ കളക്ടർ ഡി സജിത് ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam