കേരളത്തിന് 50 ലക്ഷം കൊവിഡ് വാക്സീൻ ഉടൻ വേണം, ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക; മന്ത്രി കെകെ ശൈലജ

By Web TeamFirst Published Apr 17, 2021, 2:22 PM IST
Highlights

സംസ്ഥാനത്തിന് 50 ലക്ഷം കൊവിഡ് വാക്സീൻ ഉടൻ വേണം. വലിയ തോതിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചാൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്

തിരുവനന്തപുരം: കേരളത്തിലും രാജ്യത്തെമ്പാടും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. കേരളത്തിലെ വർധനവിന്റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയും കൂടുതൽ കൊവിഡ് വാക്സീൻ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വാക്സീനേഷൻ വർധിപ്പിക്കണം. കേന്ദ്രസർക്കാരിൽ നിന്ന് 6084360 ഡോസ് വാക്സീനാണ് ലഭിച്ചത്. കിട്ടിയതിൽ 5675138 വാക്സീൻ വിതരണം ചെയ്തു. വാക്സീനേഷൻ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ 580880 വാക്സീനാണ് ഉള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ കാര്യം അറിയിച്ചിട്ടുണ്ട്. 50 ലക്ഷം കൊവിഡ് വാക്സീൻ വേണം. എങ്കിലേ മാസ് വാക്സീൻ ക്യാമ്പെയ്ൻ വിജയിപ്പിക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകണമെങ്കിൽ ഇത് ആവശ്യമാണെന്നും ശൈലജ പറഞ്ഞു.

കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ കൃത്യമായി തരണം. ഇപ്പോൾ കേരളത്തിൽ ഓക്സിജൻ കുറവില്ല. വലിയ തോതിൽ കേസ് വർധിച്ചാൽ ഓക്സിജൻ വേണ്ടിവരും. നല്ല പ്ലാനിങോടെ ചെയ്തത് കൊണ്ടാണ് ഇതുവരെ ഓക്സിജൻ കുറവ് വരാതിരുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിനും നൽകണം. മരുന്ന് ക്ഷാമം ഇല്ലാതിരിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കണം. 

ഇപ്പോഴത്തെ വ്യാപനവും നിയന്ത്രിക്കാനാവും എന്ന് തന്നെയാണ് പ്രതീക്ഷ. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇപ്പോഴത്തെ വർധനവ് താഴേക്ക് കൊണ്ടുവരും. മരണ നിരക്ക് കേരളത്തിൽ 0.4 ശതമാനമാണ്. ഇത് താഴേക്ക് കൊണ്ടുവരണം. മറ്റ് സംസ്ഥാനങ്ങളിൽ മരണനിരക്ക് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തൃശ്ശൂർ പൂരത്തിന് അനുമതി നൽകിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പൂരം ഒഴിവാക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ കൊവിഡ് കേസ് വർധിക്കുമെന്ന പ്രതീതിയോടെ കാര്യങ്ങൾ ഒരുക്കിയിരുന്നു. വീട്ടിൽ ശുചിമുറി പ്രത്യേകമില്ലാത്തവരെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കി പാർപ്പിക്കണം. കേന്ദ്രസർക്കാർ വാക്സീൻ തന്നില്ലെങ്കിൽ വാക്സീനേഷൻ ക്യാമ്പെയ്ൻ മുടങ്ങും. 

click me!