'ഇത് നിങ്ങളുടെ കുടുംബത്തോട് ചെയ്യുന്ന ക്രൂരത', ചട്ടം ലംഘിച്ചുള്ള സമരത്തിനെതിരെ മന്ത്രി

By Web TeamFirst Published Aug 26, 2020, 4:58 PM IST
Highlights

''ചട്ടം ലംഘിച്ച് സമരത്തിനിറങ്ങി അസുഖം വന്നാൽ, അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും'', ആരോഗ്യമന്ത്രി പറയുന്നു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടിത്തമുണ്ടായതിൽ ഗൂഢാലോചന ആരോപിച്ച് നടക്കുന്ന പ്രതിപക്ഷസമരങ്ങൾക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾ നടത്തുന്നതിലൂടെ ഇത് നടത്തുന്നവർ അവരുടെ കുടുംബങ്ങളോട് കൂടി ക്രൂരത കാണിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. ഇത്തരം സമരങ്ങൾ കുറ്റകരമാണ്. രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലാണ് ഇതിൽ പങ്കെടുക്കുന്നവർ പെരുമാറിയത്. ഇത് സമൂഹത്തോടും സ്വന്തം വീട്ടുകാരോടും ചെയ്യുന്ന ക്രൂരതയാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ട്‌.

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്നാരോപിച്ച് യുഡിഎഫ് ഇന്ന് കരിദിനമായും ബിജെപി പ്രതിഷേധ ദിനമായും ആചരിക്കുകയാണ്. സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണൂരിൽ ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് ബിജെപി പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു.

കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും പോലീസുമായുളള ഉന്തിലും തള്ളിലും എത്തി. കൊല്ലം കളക്റ്ററേറ്റിലേക്ക് ആർവൈഎഫ് തള്ളിക്കയറാൻ ശ്രമിച്ചതും ചെറിയ ഉന്തിനും തള്ളിനും ഇടയാക്കി. വൈകിട്ടും യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധവുമായി എത്തുമ്പോൾ ഉന്തും തള്ളുമുണ്ടായി.

തത്സമയസംപ്രേഷണം:

click me!