തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനാണ് ഒന്നാം പ്രതി. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് നിന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമിത വേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാകുന്ന സമയത്ത് 99 കിലോ മീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. വഫയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും സാക്ഷിയാക്കിയില്ല. ഐപിസി 304 (എ) പ്രകാരം കേസെടുത്തിരിക്കുന്നത് കുറ്റപത്രത്തില്‍ 304-ാം വകുപ്പാക്കിയിട്ടുണ്ട്. കേസില്‍ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്.
ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam