'രണ്ടുപേരെയും മാനസികമായി യോജിപ്പിക്കാൻ ദൈവത്തിനേ കഴിയൂ' ഇന്ദിരയുടെ വരവില്‍ ഒന്നിച്ച കെഎം ജോര്‍ജ്ജും മാണിയും

By Web TeamFirst Published Apr 10, 2019, 1:30 AM IST
Highlights

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രജ്ഞരിൽ ഒരാളായിരുന്ന കെഎം മാണി 1965, 67, 70 തെരഞ്ഞെടുപ്പുകളിൽ സപ്തകക്ഷി മുന്നണിയുമായും കോൺഗ്രസുമായുള്ള ശക്തമായ ത്രികോണ മത്സരത്തിലായിരുന്നു ജയിച്ചുകയറിയത്. 

തിരുവനന്തപുരം: കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രജ്ഞരിൽ ഒരാളായിരുന്ന കെഎം മാണി 1965, 67, 70 തെരഞ്ഞെടുപ്പുകളിൽ സപ്തകക്ഷി മുന്നണിയുമായും കോൺഗ്രസുമായുള്ള ശക്തമായ ത്രികോണ മത്സരത്തിലായിരുന്നു ജയിച്ചുകയറിയത്. 

കോൺഗ്രസിൽ പൊതുജീവിതം തുടങ്ങിയ കാലത്ത് എകെ ആന്‍റണിയേക്കാളും ഉമ്മൻ ചാണ്ടിയേക്കാളും സീനിയർ ആയിരുന്നു കെഎം മാണി. പാർലമെന്‍ററി ജീവിതത്തിലും സീനിയർ കെഎം മാണി തന്നെ. മുന്നണി രാഷ്ട്രീയ സമവാക്യങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചപ്പോൾ കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് എങ്ങനെയെന്ന് ന്യൂസ് അവർ ചർച്ചക്കിടെ ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കറും വിശദീകരിച്ചു.

കെ എം ജോർജ്ജ്  കേരളാ കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്തുതന്നെ കെ എം മാണി ശക്തനായ നേതാവായിരുന്നു. കേരളാ കോൺഗ്രസിനെ മന്നത്ത് പത്മനാഭൻ പുറത്തുനിന്ന് നയിക്കുന്ന ആ കാലത്ത് ശക്തനായ ആർ ബാലകൃഷ്ണപിള്ളയും കേരളാ കോൺഗ്രസിന്‍റെ തലപ്പത്തുണ്ടായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് കെഎം ജോർജ്ജും ബാലകൃഷ്ണപിള്ളയും ജയിലിൽ പോയി, മാണി ഒളിവിലും പോയി. എന്നാൽ താമസിയാതെ തന്നെ കോൺഗ്രസ് പാളയത്തിലെത്തിയ കേരളാ കോൺഗ്രസിൽ നിന്ന് കെഎം മാണിയും എംപി സ്ഥാനം ഒഴിവാക്കിയെത്തിയ ആർ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. പാർട്ടി ലീഡർ കെഎം ജോർജ് മന്ത്രിസ്ഥാനം സ്വീകരിച്ചില്ല. കെഎം മാണിയും കെഎം ജോർജ്ജും തമ്മിലുള്ള അകലവും വർദ്ധിച്ചുവന്നു.

1976ൽ ഇന്ദിരാഗാന്ധി കേരളത്തിലെത്തിയപ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി അച്യുതമേനോനും കെ കരുണാകരനും എ കെ ആന്‍റണിക്കുമൊപ്പം കെ ബാലകൃഷ്ണപിള്ളയും കെഎം ജോർജും കെഎം മാണിയുമുണ്ടായിരുന്നു. അന്നത്തെ പ്രധാനപ്പെട്ട നേതാവായിരുന്ന സിഎം സ്റ്റീഫനാണ് കെ എം ജോർജിനേയും കെ എം മാണിയേയും ഇന്ദിരാ ഗാന്ധിയെ സ്വീകരിക്കാനെത്തിയപ്പോൾ ചേർത്തു നിർത്തിയതെന്ന് ചെറിയാൻ ഫിലിപ് പറയുന്നു.

'കെ എം ജോർജിനേയും കെ എം മാണിയേയും ശാരീരികമായി യോജിപ്പിക്കാൻ സ്റ്റീഫന് കഴിഞ്ഞല്ലോ, മാനസികമായി ആര് യോജിപ്പിക്കും?' എന്ന് കെ കരുണാകരൻ തമാശ പൊട്ടിച്ചു. മുഖ്യമന്ത്രി അച്യുതമേനോൻ പുഞ്ചിരി തൂകി. കെ സി പന്ത് അടക്കമുള്ള നേതാക്കൾ ചിരിച്ചു. 'രണ്ടുപേരെയും മാനസികമായി യോജിപ്പിക്കാൻ ദൈവത്തിനേ കഴിയൂ' എന്നായിരുന്നു ചാക്കിരി അഹമ്മദ് കുട്ടിയുടെ മറുപടി.

എന്നാൽ പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള ചർച്ച കഴിഞ്ഞ് പുറത്തുവന്നപ്പോൾ കെ എം ജോർജും കെ എം മാണിയും മാനസികമായും ശാരീരികമായും യോജിച്ചിരുന്നുവെന്ന് ചെറിയാൻ ഫിലിപ് പറയുന്നു. കോൺഗ്രസിലും അക്കാലത്ത് ഗ്രൂപ്പ് പോര് ശക്തമായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിലെ ഗ്രൂപ്പ് പോര് തീർക്കാൻ കരുണാകരനും ആന്‍റണിയും ഒറ്റക്കെട്ടായി ഇടപെട്ടു. കേരള നേതാക്കളുടെ നിർബന്ധം അനുസരിച്ചായിരുന്നു കേരളാ കോൺഗ്രസിലെ ഗ്രൂപ്പ് പോര് തീർക്കാൻ ഇന്ദിരാഗാന്ധി അനുരഞ്ജന ചർച്ച നടത്തിയത്.

എന്നാൽ പിന്നീട് കെ എം മാണിയുടെ ജോർജും തമ്മിലുള്ള സംഘർഷം മൂത്തു. ബാലകൃഷ്ണപിള്ള കേരളാ കോൺഗ്രസിന്‍റെ ചെയർമാനായി. ബാലകൃഷ്ണപിള്ള പിന്നീട് സിപിഎം പക്ഷത്തെത്തി. ഇതിനിടെ ആഭ്യന്തരമന്ത്രി ആയിരുന്ന കെ എം മാണിയുടെ നിയമസഭാ അംഗത്വം തെരഞ്ഞെടുപ്പ് കേസിൽ നഷ്ടമായി. 

യുവജന നേതാവായ പിജെ ജോസഫ് മാണിക്ക് പകരം മന്ത്രിയായി. കേസിൽ നിന്ന് മുക്തനായി മാണി തിരികെ വന്നപ്പോൾ ജോസഫ് മാറിക്കൊടുത്തു. പിന്നീട് പിജെ ജോസഫ്, മാണി തർക്കം മൂത്തു. പിന്നെയും എത്രയോ വട്ടം കേരളാ കോൺഗ്രസ് പിളർന്നു. പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസെന്ന കെ എം മാണിയുടെ സിദ്ധാന്തം അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. എന്നാൽ പിളർന്ന് രണ്ട് കഷണമായപ്പോൾ തന്‍റെ ഭാഗം വളർത്തി വലുതാക്കി അതിന്‍റെ തലപ്പത്തുനിന്ന് തിരിച്ചടിച്ച നേതാവായിരുന്നു കെ എം മാണിയെന്നും ചെറിയാൻ ഫിലിപ് ഓർമ്മിച്ചു.

click me!