മികച്ച ചികിത്സ നല്‍കിയില്ല, ആഭരണവും കാണാനില്ല; കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതി

By Web TeamFirst Published Oct 24, 2020, 6:46 AM IST
Highlights

രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടെന്നും കൊവിഡ് സ്ഥിരീകരിക്കാതിരുന്നിട്ടും മികച്ച പരിചരണം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
 

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനെതിരെ പരാതിയുമായി ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി രാധാമണിയുടെ ബന്ധുക്കള്‍ രംഗത്ത്. മകള്‍ വിദ്യാദാസ്, മരുമകന്‍ പ്രസന്നകുമാര്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടെന്നും കൊവിഡ് സ്ഥിരീകരിക്കാതിരുന്നിട്ടും മികച്ച പരിചരണം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ ജൂലൈ 20നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞതോടെ രാധാമണി ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിച്ചു. അന്ന് തന്നെ കോവിഡ് ബാധിതയല്ലെന്ന പരിശോധനഫാലവും വന്നു. ഇതോടെ വിദഗ്ധ ചികില്‍സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ആംബുലന്‍സുമായി ആശുപത്രിയിലെത്തിയപ്പോഴേക്കും രാധാമണി മരിച്ചിരുന്നു.

കൊവിഡില്ലെങ്കിലും സംസ്‌കാരം മാനദണ്ഡപ്രകാമാകണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ രാധാമണിയുടെ മുഴുവന്‍ ആഭരണങ്ങളുമില്ലായിരുന്നു. ഇതേകുറിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതിനല്‍കിയെങ്കിലും ഇതുവരേ നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. രാധാമണിയുടെ മരണത്തെകുറിച്ചും ആഭരണങ്ങള്‍ നഷ്ടമായതിനെകുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.

click me!