
തിരുവനന്തപുരം: നഗരത്തിലെ മെട്രോ റെയിൽ പദ്ധതിയിൽ ആശയക്കുഴപ്പം. മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പരിഗണിക്കാനുള്ള ശ്രമത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് രംഗത്തെത്തി. ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം നടത്തുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെഎംആർഎൽ വിശദീകരിച്ചു.
പലതവണ രൂപം മാറിയതാണ് തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതി. പരമ്പരാഗത മെട്രോക്ക് പകരം തലസ്ഥാനത്ത് ലൈറ്റ്ട്രാം മെട്രോ പരിഗണിക്കുന്നുവെന്നാണ് ഒടുവിൽ വന്ന റിപ്പോര്‍ട്ട്. ഓസ്ട്രേലിയൻ മാതൃകയിൽ ലെറ്റ്ട്രാം മെട്രോക്കുള്ള സാധ്യതകളും പഠന വിധേയമാക്കി. ഇതിന് പിന്നാലെയാണ് വ്യാപക എതിര്‍പ്പ് ഉയര്‍ന്നത്. ലെറ്റ്ട്രാം മെട്രോ തലസ്ഥാന നഗരത്തിന് അനുയോജ്യമല്ലെന്നും നഗരത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ച് മാത്രമെ പദ്ധതി നടപ്പാക്കാവൂ എന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് നിലപാടെടുത്തു
എതിർപ്പ് രൂക്ഷമായതോടെ കെഎംആർഎൽ വിശദീകരണവുമായി രംഗത്ത് വന്നു. ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം മാത്രമാണ് നടത്തിയതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് നിലപാട്.
പള്ളിപ്പുറം ടെക്നോ സിറ്റി മുതൽ കഴക്കൂട്ടം - കിള്ളിപ്പാലം വരെ രണ്ട് റീച്ചുകളിലായി മൊത്തം 46.7കിലോമീറ്ററിലാണ് മെട്രോ പദ്ധതി വിഭാവനം ചെയ്തത്. ഭൂമിക്കടിലെ രണ്ട് സ്റ്റേഷനുകളടക്കം ആകെ 38 സ്റ്റേഷനുകൾ, ഡി.പി.ആറിൽ ചെലവ് 11560.80കോടി. ദില്ലി മെട്രോ റെയിൽ കോര്‍പറേഷൻ രണ്ട് മാസത്തിനകം അന്തിമ ഡിപിആര്‍ സമര്‍പ്പിക്കാനും സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റെ അനുമതി തേടാനുമായിരുന്നു ധാരണ.
ഇതിനിടെയാണ് റോഡിന് കുറുകെ ഓടുന്ന ലൈറ്റ്ട്രാം മെട്രോ പദ്ധതിയെ കുറിച്ചും കെഎംആര്‍എൽ സമാന്തര പഠനം നടത്തിയത് വിവാദമായത്. തലസ്ഥാനത്തെ മെട്രോയില്‍ ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. ആദ്യം ലൈറ്റ് മെട്രോ, പിന്നീട് മെട്രോ തന്ന. ഇപ്പോഴിതാ ലൈറ്റ് ട്രാം മെട്രോയും. പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളില്‍ നിന്നും എന്ന് യാഥാര്‍ത്ഥ്യമാകുമെന്നാണ് തലസ്ഥാനവാസികളുടെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam