കൊച്ചി വാട്ടർ മെട്രോയെ ശക്തിപ്പെടുത്താൻ ഊബറിനെ എത്തിക്കും? ചർച്ചകൾ പ്രാരംഭഘട്ടത്തിൽ, ആശയം ബെഹ്റയുടേത്

By Kiran GangadharanFirst Published Nov 25, 2022, 6:12 PM IST
Highlights

ജലഗതാഗതത്തിൽ സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഊബറിനെ എത്തിക്കാനുള്ള കെഎംആർഎല്ലിന്റെ നീക്കങ്ങൾ

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന വാട്ടർ മെട്രോ പദ്ധതിയിൽ ഊബർ ബോട്ട് സർവീസിനെ കൂടി ഭാഗമാക്കാൻ ആലോചന. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച പ്രൊപോസൽ മുന്നോട്ട് വെച്ചത്. ലോകത്തെ പല രാജ്യങ്ങളിലും ഊബർ ബോട്ട് സർവീസ് നിലവിലുണ്ട്. ഏതൊക്കെ രീതിയിലാണ് ഓരോ രാജ്യത്തും ഇത് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കിയ ശേഷം കൊച്ചിക്ക് അനുയോജ്യമായ വിധത്തിൽ സർവീസ് എത്തിക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടങ്ങി.

മെട്രോയുടെ ഭാഗമായി കൊച്ചി നഗരത്തിലെ പൊതുഗതാഗ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് കെഎംആർഎൽ ശ്രമിക്കുന്നത്. റോഡുകളിൽ വർധിച്ച് വരുന്ന വാഹനപ്പെരുപ്പം മൂലം മറ്റ് ഗതാഗത മാർഗങ്ങൾ ഒരുക്കാനാണ് ശ്രമം. ജലഗതാഗതത്തിൽ സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഊബറിനെ എത്തിക്കാനുള്ള കെഎംആർഎല്ലിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഊബർ കമ്പനിയുമായി ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ ഉന്നതൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

കഞ്ചാവ് വീട്ടുപടിക്കലെത്തിക്കാൻ ഊബർ ഈറ്റ്സ്; വിതരണത്തിന് തയ്യാറെടുക്കുന്നത് ഈ ന​ഗരത്തിൽ

വളരെ അനുകൂലമായാണ് ഊബർ കമ്പനി കെഎംആർഎൽ എംഡിയോട് പ്രതികരിച്ചിരിക്കുന്നത്. ഓരോ രാജ്യത്തെയും യാത്രക്കാരുടെ സ്വഭാവമനുസരിച്ചാണ് ഊബർ തങ്ങളുടെ സർവീസുകൾക്ക് രൂപം കൊടുക്കുന്നത്. അതിനാൽ തന്നെ കൊച്ചിയിൽ പദ്ധതി എങ്ങിനെ യാഥാർത്ഥ്യമാക്കുമെന്നതടക്കം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു യോഗം വിളിക്കണമെന്ന് ഊബർ കമ്പനി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ രാജ്യത്തെയും പ്രവർത്തന രീതി വിശദീകരിച്ച് കൊച്ചിയിൽ ഇതെങ്ങനെ എത്തിക്കാനാവുമെന്ന കാര്യത്തിൽ ഇനിയുള്ള ചർച്ചകളിൽ തീരുമാനം ഉണ്ടാകും.

ഊബർ ഇന്ത്യയിൽ ഇപ്പോൾ ബോട് സർവീസ് തുടങ്ങിയിട്ടുണ്ട്. മുംബൈയിലാണിത്. മഹാരാഷ്ട്ര മാരിടൈം ബോർഡുമായി സഹകരിച്ചാണ് ഊബറിന്റെ ബോട്ട് സർവീസ്. രണ്ട് കാറ്റഗറികളിലായി എട്ട് വരെ പേർക്കും പത്തിലധികം പേർക്കും ഇരുന്ന് യാത്ര ചെയ്യാനാവുന്ന ബോട്ടുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് മൂന്ന് റൂട്ടുകളിലാണ് ഊബർ സർവീസ് നടത്തുന്നത്. ആറ് മുതൽ എട്ട് വരെ പേർക്ക് ചെയ്യാവുന്ന ബോട്ടിൽ യാത്രാ നിരക്ക് ആകെ 5700 രൂപയും പത്തിലധികം പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ സർവീസിന് 9500 രൂപയുമാണ് ഈടാക്കുന്നതെന്ന് ഊബറിന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പറയുന്നു. 

തന്നെ ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്, യാത്രക്കാർക്ക് ഊബർ ഡ്രൈവറുടെ വ്യത്യസ്ത നിർദ്ദേശം

ഇതേ മാതൃകയിലാണോ അല്ല, പാസഞ്ചർ സർവീസ് കൊച്ചിയിൽ കൊണ്ടുവരുമോ തുടങ്ങിയ കാര്യങ്ങൾ ഇനിയുള്ള ചർച്ചകളിലാണ് തീരുമാനിക്കുക. കൊച്ചിയിൽ ഊബർ ടാക്സി - ഓട്ടോ സർവീസുകൾ ശക്തമാണ്. ഈ സാഹചര്യത്തിൽ ബോട്ട് സർവീസ് രംഗത്തേക്ക് കൂടി ഊബർ വരുന്നതിൽ അനുകൂല നിലപാടാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനുള്ളത്. എന്നാൽ സർക്കാരിന്റെ ഈ വിഷയത്തിലെ നിലപാട് വ്യക്തമായിട്ടില്ല.

അതിനിടെ കൊച്ചി വാട്ടർ മെട്രോ പ്രൊജക്ടിന്റെ ആദ്യ ഘട്ട സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് ഇക്കഴിഞ്ഞ ദിവസം മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കെഎംആർഎൽ. കൊച്ചിയിലെ മൂന്ന് സ്റ്റേഷനുകൾക്കിടയിൽ അഞ്ച് ബോട്ടുകളിലാണ് ആദ്യ സർവീസ് ആലോചിക്കുന്നത്. കൊച്ചി നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വാട്ടർ മെട്രോ. വൈപ്പിൻ, മുളവുകാട്, ഹൈക്കോർട്ട് സ്റ്റേഷനുകൾക്കിടയിലാകും ആദ്യ ഘട്ട സർവീസ് തുടങ്ങുക. ഇതിനാവശ്യമായ അഞ്ച് ബോട്ടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഡിസംബറോടെ കൊച്ചിൻ ഷിപ്യാർഡിൽ നിന്നും 5 ബോട്ട് കൂടി പുറത്തിറങ്ങും. വാട്ടർ മെട്രോ സർവീസിന് വേണ്ടി കൊച്ചി മെട്രോക്ക് 23 ബോട്ടുകളാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്നത്.

വാട്ടർ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്നത് വലിയ ബോട്ടുകളാണ്. 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും ഈ ബോട്ടിൽ ഒരേസമയം യാത്ര ചെയ്യാനാവും. കൊച്ചി നഗരത്തിന് അകത്തും പുറത്തുമായി 76 കിലോമീറ്ററർ ദൂരത്തിൽ കൊച്ചിയുടെ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനമാണിത്. പദ്ധതി പൂർത്തിയാവുമ്പോൾ കൊച്ചിയിലാകെ 38 ടെർമിനലുകൾ നിർമ്മിക്കപ്പെടും. മെട്രോ റെയിലിന് സമാനമായ രീതിയിൽ സുരക്ഷിതവും സുഖകരവുമായ യാത്രയാണ് വാട്ടർ മെട്രോ ഉറപ്പ് നൽകുന്നത്.

click me!