
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ (PINARAYI GOVT)കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റും മാസ്കും വാങ്ങിയ കമ്പനിയുടെ പേരും കൈമാറിയ 9 കോടി രൂപയും കണക്കിൽ മറച്ച് വെച്ച് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍(MEDICAL SERVICES CORPORATION). മഹാരാഷ്ട്രാ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന സാൻഫാർമയുടെ വിവരങ്ങളാണ് മറച്ചുവെച്ചത്. 224 കമ്പനികൾക്കായി ആകെ 781 കോടി നൽകിയെന്നുള്ള വിവരാവകാശ മറുപടിയിലാണ് സാൻഫാർമയുടേയും അവർക്ക് നൽകിയ പണത്തിൻറെയും വിവരം ഇല്ലാത്തത്. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം തുടരുന്നു. കൊവിഡ് കൊള്ള.
മഹാരാഷ്ട്ര ആസ്ഥാനമായ ഇന്നുവരെ ആരും പേര് പോലും കേള്‍ക്കാത്ത ഒരു വെബ്സൈറ്റ് പോലും ഇല്ലാത്ത സാന്‍ഫാര്‍മ എന്ന കമ്പനിയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കണക്കില്‍ നിന്ന് മറച്ചുവെയ്ക്കുന്നത് എന്തുകൊണ്ടാണ്. അങ്ങനെയെങ്കില്‍ സാന്‍ഫാര്‍മയില്‍ നിന്ന് മൂന്നിരട്ടി കൊടുത്ത് വാങ്ങിയ പിപിഇ കിറ്റിന്‍റെ 9 കോടി രൂപ എവിടെ ഉള്‍പ്പെടുത്തി. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.?
..2020 മാര്‍ച്ച് 29 നാണ് സാന്‍ഫാര്‍മ എന്ന പുത്തന്‍ തട്ടിക്കൂട്ട് കമ്പനി പിപിഇ കിറ്റും മാസ്കും നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മെയില്‍ അയക്കുന്നത്. മാര്‍ച്ച് 29 ന് നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ച അതേ ദിവസം. സാന്‍ഫാര്‍മക്കാര്‍ ചോദിച്ചത് നിപയെ പ്രതിരോധിച്ച കമ്പനിയുടെ കിറ്റിന് കൊടുത്തതില്‍ മൂന്ന് മടങ്ങ്. 1550 രൂപ. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ അന്നത്തെ ജനറല്‍ മാനജേര്‍ ഡോ ദിലീപ്കുമാറും ഉദ്യോഗസ്ഥരും ഒന്നും നോക്കിയില്ല. അഡ്വാന്‍സടക്കം കൊടുത്ത് പിപിഇ കിറ്റും മാസ്കും വാങ്ങാന്‍ തീരുമാനിച്ചു. ഒരു ദിവസം കൊണ്ട് പര്‍ചേസ് ഓര്‍ഡറും കൊടുത്തു. ഫയല്‍ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത് 9.3 കോടി രൂപയുടെ പര്‍ചേസ് നടന്നു എന്നാണ്.
ഇക്കഴിഞ്ഞ സപ്തംബര്‍ മാസം അതുവരെ കൊവിഡിന് വേണ്ടി ആകെ ചെലവഴിച്ച തുകയും ഏതൊക്കെ കമ്പനിക്ക് എത്ര രൂപ വീതം നല്‍കി എന്ന വിവരാകാശ അപേക്ഷ ഞങ്ങള്‍ സമര്‍പിപ്പു. കഴിഞ്ഞ മാസം മറുപടി കിട്ടി. ഇതാണത്. ഈ വര്‍ഷം ആഗസ്ത് 31 വരെ 781 കോടി രൂപ ചെലവഴിച്ചെന്ന്.
ഓരോ കമ്പനികളെയും ചെലവഴിച്ച പണവും പരിശോധിച്ചു. ടു ആര്‍ ഹെല്‍ത്ത് കെയര്‍ മുതല്‍ സൈഡസ് ഹെല്‍ത്ത് കെയര്‍ വരെയുള്ള 224 കമ്പനികളില്‍ നിന്നായി 781 കോടി രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊവിഡിന് വേണ്ടി വാങ്ങിയെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തന്ന വിവരാവകാശ രേഖ. എത്ര നോക്കിയിട്ടും സാന്‍ഫാര്‍മയുടെ പേര് കാണാനില്ല. കൊടുത്ത 9.3 കോടി രൂപയുമില്ല. ആകെയുള്ളത് സണ്‍ഫാര്‍മയുടെ പേരില്‍ വാങ്ങിയതിന്‍റെ രണ്ട് കോടി 36 ലക്ഷം രൂപയുടെ കണക്കാണ്.
മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയവര്‍ ആ കമ്പനിയുടെ പേരും കണക്കും രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ കൊവിഡ് കൊള്ളയ്ക്ക് പിന്നില്‍ വന്‍ ശക്തികളുണ്ടെന്ന് സംശയിക്കേണ്ടി വരും. ആദ്യ കാലകൊവിഡ് സമയത്ത് വാാങ്ങലുകളുടെ പല ഫയലുകളും മുക്കിയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് രേഖകളും കാണാതെതെ പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam