
ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിൻറെ (Kallar Dam) വൃഷ്ടി പ്രദേശത്ത് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടും വിധം കെഎസ്ഇബിയുടെ (KSEB) ബഹുനില കെട്ടിട നിർമ്മാണം. കല്ലാർ പുഴയോരത്താണ് നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടം പണിയുന്നത്. കനത്ത മഴയിൽ രണ്ടു തവണ കൽക്കെട്ട് അടക്കം വെള്ളത്തിലായിട്ടും നിർമ്മാണം തുടരുകയാണ്.
കഴിഞ്ഞ മാസം കനത്ത മഴ പെയ്തപ്പോൾ കല്ലാറിൽ വൈദ്യുതി ഭവൻ നിർമ്മിക്കുന്ന സ്ഥലത്തെ സംരക്ഷണി ഭിത്തിക്ക് മുകളിൽ വരെ വെള്ളം നിറഞ്ഞിരുന്നു. നിർമ്മാണത്തിൻറെ ഭാഗമായി സൂക്ഷിച്ചിരുന്ന മണ്ണ് ഒഴുകി ഡാമിലെത്തുകയും ചെയ്തിരുന്നു. രാത്രി കല്ലാർ ഡാമിൻറെ ഷട്ടർ തുറന്നതോടെയാണ് വെള്ളം ഇറങ്ങിയത്. പണി പുർത്തിയാകുന്നതോടെ മഴ പെയ്യുമ്പോൾ കല്ലാർ ഗതിമാറി ഒഴുകും. ഇത് കല്ലാർ മുതൽ തൂക്കുപാലം വരെയുള്ള ഭാഗത്ത് വീടുകളിൽ സ്ഥിരമായി വെള്ളം കയറാനിടയാക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇവിടെ കെട്ടിടം പണിയാൻ കെഎസ്ഇബി അനുമതി നൽകിത്. രണ്ടു കോടി ഇരുപത് ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 2625 ചുരശ്ര അടിയിൽ മൂന്ന് നിലകളുള്ള കെട്ടിടം. നിർമ്മാണത്തിന് നെടുങ്കണ്ടം പഞ്ചായത്ത് അനുമതിയും നൽകി. വേണ്ടത്ര പഠനം നടത്താതെയുള്ള നിർമ്മാണം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ മുഖ്യമന്ത്രിക്കും ജില്ല കളക്ടർക്കും പരാതി നൽകി.
കല്ലാർ പുഴയിൽ നിന്നും 18 മീറ്ററും സംസ്ഥാന പാതയിൽ നിന്നും എട്ടു മീറ്ററും മാറി തങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് കെട്ടിടം പണിയുന്നതെന്നാണ് കെഎസ്ഇബി പറയുന്നത്. അണക്കെട്ടിൻറെ പരമവധി സംഭരണ ശേഷിയിൽ നിന്നും ഒന്നര മീറ്റർ മുകളിലാണെന്നും കെഎസ്ഇബി വാദിക്കുന്നു. സംഭവം വിവാദമായതോടെ റവന്യൂ വകുപ്പ് പഞ്ചായത്തിനോടും പഞ്ചായത്ത് തിരിച്ചും സ്ഥലത്തിൻറെ രേഖകളും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam