
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എകെ ആന്റണിയെന്ന് കുറ്റപ്പെടുത്തി വീണ്ടും സിപിഎം. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ കെഎൻ ബാലഗോപാൽ, വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്കോ ഡ ഗാമ കാപ്പാട് വന്ന് ഇറങ്ങിയതിന് സമാനമായ സംഭവമാണെന്നും പറഞ്ഞു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്നങ്ങളും തീർത്തുവെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി മുൻപ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയില്ല. അതാണ് തുറമുഖം വൈകാൻ കാരണമായത്. വിഴിഞ്ഞത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ ചിലർ വികസനം തടയാൻ ശ്രമിച്ചിരുന്നു. തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിൽ ചൈനാ ബന്ധം ആരോപിച്ച് സുരക്ഷിതമല്ലെന്ന നിലപാടായിരുന്നു ആന്റണിയുടേത്. അന്ന് ആന്റണി അനുമതി നൽകിയിരുന്നെങ്കിൽ തുറമുഖം നേരത്തെ വന്നേനെയെന്നും മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇയിൽ ചെറിയ കാര്യങ്ങൾക്ക് പോലും ഓഡിറ്റിങ്ങ് ഉണ്ട്. പത്ത് ലക്ഷം കോടി രൂപ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ കിട്ടാക്കടമാണ്. ഇവരുടെ പേര് വെളിപ്പെടുത്താൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. മറുവശത്ത് സർഫ്രാസി നിയമ പ്രകാരം സാധാരണക്കാരെ വേട്ടയാടുന്ന സ്ഥിതിയാണ്. ഏതെങ്കിലും സഹകരണ ബാങ്കിൽ അഴിമതി ഉണ്ടെങ്കിൽ നടപടി എടുക്കണം. അത് വച്ചു പൊറുപ്പിക്കാനാവില്ല. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ധനകാര്യ സ്ഥാപനങ്ങൾ സംസ്ഥാനത്ത് മൂലധനം നിക്ഷേപം കുറക്കുകയാണ്. കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങൾ പലതും പൂട്ടുകയാണ്. ഇത് ധനകാര്യ മേഖലയിൽ വിശ്വാസ്യത നഷ്ടപ്പെട്ടുന്നുണ്ട്. ക്രമക്കേട് ആരോപിച്ച് നാളെ കെഎസ്എഫ്ഇയിലും ഇഡി വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam