
തിരുവനനന്തപുരം: കൊല്ലം, കോഴിക്കോട് എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുകയും പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുകയും ചെയ്യുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞദിവസം ഇരുവരും പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തെക്കുറിച്ചായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.
എൽഡിഎഫ് സർക്കാർ കേരളത്തിൽ അതി ദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാൽ കേരളത്തിലെ എഎവൈ കാർഡുടമകൾക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ എന്നതായിരുന്നു ചോദ്യം. പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികൾ വഴി വായ്പ എടുക്കാനാവുമോയെന്നും ഇരുവരും ചോദിച്ചു. എന്നാൽ, അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും അന്ത്യോദയ റേഷനും (AAY) തമ്മിൽ ബന്ധമില്ല എന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി.
കേരളത്തിനു നൽകുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവരെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നൽകിയിരുന്നെങ്കിൽ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവർ ഇറങ്ങുമായിരുന്നു. എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവർക്കുള്ളൂ. ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് മൂത്ത് ഇപ്പോൾ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവൻ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തിൽ ഇവർക്കുള്ള അസഹിഷ്ണുത തീർക്കാൻ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam