
കണ്ണൂർ: കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിൽ ഇരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. വൈകീട്ട് കളിക്കാൻ പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ഉടൻ തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ ചോർച്ച പരിശോധിക്കാൻ വെള്ളം നിറച്ചിരുന്നു. കുട്ടി അബദ്ധത്തിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.