സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ

Published : Jun 15, 2026, 08:58 PM ISTUpdated : Jun 15, 2026, 09:03 PM IST
ksrtc free ticket

Synopsis

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ഭാഗികമായി നടപ്പാക്കിയത് വലിയ വാഗ്ദാന ലംഘനമാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിയുടെ ഉദ്ഘാടനത്തിലെ ചട്ടലംഘനങ്ങളെയും അദ്ദേഹം വിമർശിച്ചു.  

തിരുവനന്തപുരം: യുഡിഎഫ് മുന്നണി തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ഭാഗികമായി ആരംഭിച്ചതിനെ വിമർശിച്ച് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ പദ്ധതിയുടെ പേരിൽ യുഡിഎഫ് വലിയ വാഗ്ദാന ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്നും തീർത്ഥാടന-വിനോദ കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ സൗജന്യമായി പോകാമെന്നും വ്യാപകമായി പ്രചരിപ്പിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇപ്പോൾ ഒരു വിഭാഗം ഓർഡിനറി ബസുകളിൽ മാത്രമാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി പല ഓർഡിനറി ബസുകളും സിറ്റി ഫാസ്റ്റുകളാക്കി മാറ്റിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ ആരോപിച്ചു. തദ്ദേശസ്വയംഭരണ തലത്തിലോ സർക്കാർ തലത്തിലോ യാതൊരു ചുമതലയുമില്ലാത്ത കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥികളുമാണ് പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതൽ ഇങ്ങോട്ട് ഇതൊരു കോൺഗ്രസ് രാഷ്ട്രീയ പരിപാടിയായാണ് നടത്തിവരുന്നത്. സർക്കാരിന്റെ ഔദ്യോഗിക പദ്ധതികളെ ഇത്തരത്തിൽ മാറ്റുന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷ ഗവൺമെന്റ് അവസാനമായി അവതരിപ്പിച്ച ബജറ്റിൽ 3720 കോടി രൂപ നീക്കിവെച്ച 'മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി' നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി. 35-നും 60-നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നേരിട്ട് നൽകുന്ന പദ്ധതിയാണിത്. നിലവിൽ ഇതിനായി മാത്രം വർഷം 2500 കോടി രൂപയോളം ആവശ്യമുണ്ട്. കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുകയാണ് ഗുണഭോക്താക്കളായ സ്ത്രീകൾക്ക് ഇതിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഈ തുക ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിയിട്ടില്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ പദ്ധതി തടസ്സപ്പെടുത്തുന്ന സമീപനം പ്രതിഷേധാർഹമാണെന്നും ഇടതു ഗവൺമെന്റ് ആരംഭിച്ച ഈ ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
'1980ലും ഇതേ പുച്ഛമായിരുന്നു'; പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി