
തിരുവനന്തപുരം: പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിൽ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. 1980-ൽ ഇന്ത്യയിലാദ്യമായി ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നാണ് അന്ന് അവർ വാദിച്ചത്. പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ഉപരിവർഗ്ഗ ചിന്താഗതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു.
ചരിത്രം ആവർത്തിക്കുകയാണ്; പാവങ്ങളോടുള്ള കോൺഗ്രസ് മനോഭാവം മാറുന്നില്ല!
പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിന് തന്നെ തിരിച്ചു കിട്ടും എന്ന രീതിയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണ്.
ഇത് ആദ്യമല്ല കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇതിനൊരു കൃത്യമായ ചരിത്ര പശ്ചാത്തലമുണ്ട്. 1980-ൽ ഇന്ത്യയിലാദ്യമായി അന്നത്തെ ഇ.കെ. നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് പ്രത്യുൽപാദനപരമല്ലെന്നും, ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നുമായിരുന്നു അന്ന് അവർ വാദിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവന്റെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ പുതിയ പ്രസ്താവനയിലൂടെ വീണ്ടും തെളിയുകയാണ്. സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മാനിക്കാൻ ഇനിയെങ്കിലും ഇവർ തയ്യാറാകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam