
ദില്ലി : ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജി എസ് ടി കൌൺസിൽ യോഗത്തിൽ വശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടാത്താന്‍ സന്നദ്ധമാണെന്ന കേന്ദ്ര ധനമന്ത്രിയുടെ അഭിപ്രായത്തെ കെഎൻ ബാലഗോപാല്‍ വിമർശിച്ചുപെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനു മുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ അവകാശമില്ല. ഇത് നിർത്തണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല്‍പ്പത്തിയൊൻപതാമത് ജി എസ് ടി യോഗമാണ് ദില്ലിയില്‍ പുരോഗമിക്കുന്നത്. ജി എസ് ടി പരാതി പരിഹാര ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് യോഗം ചർച്ച ചെയ്യും. ജി എസ് ടിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം കണ്ടെത്തുകയെന്ന് ഉദ്ദേശത്തോടെയാണ് അപ്പെലറ്റ് ട്രൈബ്യൂണല്‍സ് കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നത്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അധ്യക്ഷനായ മന്ത്രിതല സമിതി സമർപ്പിച്ച റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കിയേക്കും. ദില്ലിയില്‍ ദേശീയ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലും സംസ്ഥാനങ്ങളില്‍ ഘടകങ്ങളുമെന്നതാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ശുപാർശ. പാൻമസാലകളുടെ നികുതി വെട്ടിപ്പ് തടയാൻ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ ചർച്ച ചെയ്യും. ധാന്യങ്ങള്‍, സിമെന്‍റ് എന്നിവയുടെ നികുതിയല്‍ മാറ്റം വരുത്തുന്നതും യോഗം പരിഗണിക്കാന്‍ ഇടയുണ്ട്.