
കൊല്ലം: സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. ഹര്‍ജി ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നൽകേണ്ട വിഹിതമാണ് ചോദിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് സംസ്ഥാനം ചോദിക്കുന്നത്. മാർച്ച് 6, 7 തീയതികളിൽ സുപ്രീം കോടതിയിൽ വിശദമായ വാദം നടക്കുമെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ അറുപത് ശതമാനം കേന്ദ്രത്തിന്റേതാണ്. 26000 കോടി രൂപ കടമെടുക്കാൻ അടിയന്തര അനുവാദം വേണം. സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നും സുപ്രീം കോടതിയിൽ സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിൽ പറയുന്നുണ്ട്.
കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേരളത്തിൽ മോശം ധനകാര്യനിർവഹണമാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നങ്ങൾ കേരളം ഉന്നയിക്കുന്നു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ല. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടം കൂടുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷൻ ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന് വിവേകപൂർണ്ണമായ ധനനിർഹണമില്ല. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ലോണിൽ കേരളം വീഴ്ച്ചവരുത്തി. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ബാധ്യതയാണ്. കടമെടുപ്പിന് വീണ്ടും അനുമതി നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam