
തിരുവനന്തപുരം: ഈ മാസം മാത്രം 24,000 കോടി രൂപയിലധികം ബില്ലുകൾ പാസാക്കിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. 26000 ബില്ലുകൾ എങ്കിലും ഈ മാസം വന്നിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യാനായിട്ടുണ്ട്. കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ബിജെപി ഇതര സംസ്ഥാനമായതാണ് കാരണം. തദ്ദേശ സ്ഥാപങ്ങൾക്ക് തുക നൽകുന്നില്ല എന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. ഇവിടങ്ങളിലേക്ക് 100 ശതമാനത്തിലധികം തുക നൽകിയിട്ടുണ്ട്. കേന്ദ്രവുമായി ചർച്ച ചെയ്ത കാര്യങ്ങൾ ഇനിയും കിട്ടേണ്ടതുണ്ട്. വിഴിഞ്ഞം വി ജി എഫ് കേന്ദ്രത്തിൻ്റെ പദ്ധതിയിലെ നയം മാറ്റം മൂലം ഉണ്ടായതാണ്. ഗ്രാൻ്റായി തന്നെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.