
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. പിന്നീട് ആശുപത്രിയിൽ നിന്ന് മടങ്ങിയ ധനമന്ത്രി കെ.എൻ ബാലഗോപാലും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി.
മന്ത്രി ബാലഗോപാലും ബിജെപി പ്രവർത്തകരും തമ്മിലെ തർക്കം പൊലീസ് ഇടപെട്ട് ശാന്തമാക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്ന് മന്ത്രി ബാലഗോപാൽ മടങ്ങിയിട്ടും ആരോഗ്യമന്ത്രിക്കെതിരെ ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.