
കാസർകോട്: നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് മറ്റൊരു സഭയില്‍ നിന്ന് കല്യാണം കഴിക്കാന്‍ കാസര്‍കോട് കൊട്ടോടി സ്വദേശി ജസ്റ്റിന്, ക്നാനായ സഭയില്‍ നിന്ന് അനുമതി പത്രം കിട്ടിയത്. വിവാഹം നടത്തുന്നതിന് തടസമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞ സഭ, പക്ഷേ ഇപ്പോള്‍ നിലപാട് മാറ്റിയെന്നാണ് യുവാവിന്‍റെ പരാതി. കല്യാണം നടത്തിക്കൊടുക്കില്ലെന്ന് ഇടവക വികാരി പള്ളിയില്‍ പ്രസംഗിക്കുന്ന ഓഡിയോ പുറത്ത് വരികയും ചെയ്തു. പരമ്പരാഗത വിശ്വാസം മറുകെ പിടിക്കുന്ന സഭ, ചരിത്രത്തിൽ നിന്ന് വ്യതിചലിച്ച് നൽകിയ ആദ്യ സമ്മതപത്രം നടപ്പാക്കുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി.
2023 മെയ് 18 ന് വിവാഹിതരാകേണ്ടതായിരുന്നു കൊട്ടോടിയിലെ ജസ്റ്റിന് ജോണും ഒരളയിലെ വിജിമോളും. ക്നാനായ കത്തോലിക്കാ സഭാഗമാണ് ജസ്റ്റിന്‍. വിജിമോളാകട്ടെ തലശേരി കത്തോലിക്കാ സഭാ അംഗവും. ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള കൊട്ടോടി സെന്‍റ് ആന്‍സ് പള്ളി അധികൃതര്‍ മനസമ്മതത്തിന് അനുമതി പത്രം നല്‍കിയെങ്കിലും വിവാഹത്തിനുള്ള അനുമതി പത്രം നല്‍കാത്തതോടെ മിന്നുകെട്ട് മുടങ്ങി. വിജിമോള്‍ മറ്റൊരു സഭയില്‍ നിന്നായത് കൊണ്ടാണ് അനുമതി പത്രം നല്‍കാതിരുന്നത്. ഒടുവില്‍ വധൂവരന്മാര്‍ പള്ളിക്ക് മുന്നില്‍ നിന്ന് മാല ചാര്‍ത്തുകയായിരുന്നു.
ഹൈക്കോടതിയിലെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജസ്റ്റിന് ഇപ്പോള്‍ വിവാഹത്തിനുള്ള അനുമതി പത്രം ലഭിച്ചു. ക്നാനായ സഭയ്ക്ക് പുറത്ത് നിന്ന് കല്യാണം കഴിക്കാനുള്ള ആദ്യ അനുമതി പത്രമെന്ന ചരിത്രമാണ് തീർക്കുന്നത്. വിവാഹം നടത്തിക്കൊടുക്കില്ലെന്ന് ഇടവക വികാരി പള്ളിയില്‍ പ്രസംഗിക്കുന്ന ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇടവക അംഗമായി നിന്നുകൊണ്ട് തന്നെ സെന്‍റ് ആന്‍സ് പള്ളിയില്‍ വച്ച് വിവാഹം നടത്തണമെന്നാണ് ആഗ്രഹമെന്നും അത് അവകാശമാണെന്നും ജസ്റ്റിന്‍ പറയുന്നു. ഇതിനുള്ള നിയമ പോരാട്ടം തുടരാനാണ് തീരുമാനം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam