
കൊച്ചി: വൻ ഓൺലൈൻ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു. പ്രതിയുടെ സുഹൃദ് ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
തട്ടിപ്പ് സംഘത്തിൻ്റെ നിർദേശപ്രകാരം വലിയ ലാഭം പ്രതീക്ഷിച്ച കൊച്ചി സ്വദേശിയായ പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ആകെ 25 കോടി രൂപയാണ് കൈമാറിയത്. ഈ അക്കൗണ്ടുകളിൽ ഒന്ന് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലേതായിരുന്നു. ഇത് അന്വേഷിച്ച പൊലീസിന് അക്കണ്ട് ഉടമ കൊല്ലം സ്വദേശിയായ സുജിതയാണെന്ന് മനസിലായി.
വിശദമായ അന്വേഷണത്തിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും തുക വിദേശത്തുള്ള അക്കൗണ്ടിലേക്ക് യുവതിയുടെ സഹായത്തോടെ മുഖ്യപ്രതികൾ കടത്തിയെന്നും മനസിലായി. ഈ തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു. ദിവസങ്ങോളം പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു സുജിത. എന്നാൽ സുജിത ഇക്കാര്യം അറിഞ്ഞതേയില്ല. കേസിൽ പ്രതിക്കെതിരെ സൈബർ തെളിവുകളടക്കം ശേഖരിച്ച പൊലീസ് ഇതെല്ലാം നിരത്തിയാണ് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. പൊലീസുകാരോട് പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam