കൊച്ചി എടിഎം തട്ടിപ്പ്: ഇടപാടുകാരുടെ പണം തിരിച്ചു നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്

By Web TeamFirst Published Aug 27, 2022, 5:08 PM IST
Highlights

പരാതിപ്പെട്ട ഇടപാടുകാർക്ക് കൃത്യമായ പരിശോധനകൾക്ക് ശേഷം പണം തിരികെ നൽകി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവർക്കും തുക തിരിച്ച് നൽകിയതായി ബാങ്ക് അറിയിച്ചു

കൊച്ചി: കൊച്ചിയിൽ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഇടപാടുകാർക്ക് തിരികെ നൽകിയതായി സൗത്ത് ഇന്ത്യൻ ബാങ്ക്. പരാതിപ്പെട്ട ഇടപാടുകാർക്ക് കൃത്യമായ പരിശോധനകൾക്ക് ശേഷം പണം തിരികെ നൽകി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവർക്കും തുക തിരിച്ച് നൽകിയതായി ബാങ്ക് അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഉചിതമായി നടപടികൾ സ്വീകരിക്കാൻ ആയി എന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വ്യക്തമാക്കി. പ്രതിയെ പിടികൂടിയതായും അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും എന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. 

മെഷിനിൽ നിന്ന് കറൻസി പുറത്തു വരുന്ന ഭാഗത്ത് തടസ്സമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായും ബാങ്ക് വ്യക്തമാക്കി. പണം പുറത്തു വരാതാകുമ്പോൾ ട്രാൻസാക്ഷൻ പരാജയപ്പെട്ടെന്ന് കരുത് ഉപഭോക്താവ് മടങ്ങും. ഈ സമയം തടസ്സം നീക്കി പണം കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. സമാന തട്ടിപ്പുകൾ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ എടിമ്മുകളിൽ നടന്നതായും ബാങ്ക് അറിയിച്ചു. 

എടിഎമ്മിൽ കൃത്രിമം നടത്തി കാൽലക്ഷം രൂപ തട്ടിയെടുത്ത പ്രതി കഴിഞ്ഞ ദിവസം പിടിയിയായിരുന്നു. യുപി സ്വദേശി മുബാറക് ആണ്‌ പൊലീസിന്‍റെ പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.  എടിഎമ്മിൽ കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ജില്ലയിൽ 11 എടിഎമ്മുകളിൽ സമാന തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രീമിയർ കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിമ്മിൽ നിന്ന് 7 ഇടപാടുകാർക്ക് പണം നഷ്ടമായത്. പണം പിൻവലിക്കാൻ സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജ് വരും. എന്നാൽ എടിഎമ്മിൽ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലർ ഇത് എടിഎം മെഷീനിന്‍റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരൻ ബാങ്കിൽ പരാതി നൽകി. പിന്നീട് എടിമ്മിലെ സിസിടിവി  ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. 

പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയിൽ പോലുള്ള ഒരു പ്രത്യേക ഉപകരണം എടിഎം മെഷീനിൽ ഘടിപ്പിക്കും. ഇടപാടുകാർ പണം കിട്ടാതെ പുറത്ത് പോയ നേരം ഇയാൾ എടിഎമ്മിലെത്തി മെഷീനിൽ ഘടിപ്പിച്ച ഉപകരണം നീക്കി പണം കൈക്കലാക്കും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ് രീതി. ഒരു എടിഎമ്മിൽ നിന്ന് 25,000 രൂപയാണ് ഇയാൾ കവർന്നത്. 

 

click me!