
കൊച്ചി: കൊച്ചിയുടെ പുറം കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവം ഒറ്റപ്പെട്ടതാണെന്നും കാരണം വിശദായി അന്വേഷിച്ചുവരുകയാണെന്നും സാങ്കേതിക തകരാരാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ഡയറക്ടര്‍ ജനറൽ ഓഫ് ഷിപ്പിങ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ഇന്ന് വിഷയം വിശദമായി ചർച്ച ചെയ്തു. കേരളതീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതാണ് പ്രധാന കാര്യം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസിലാക്കിയായിരിക്കും മുങ്ങിയ കപ്പലിൽ നിന്ന് പുറത്തേക്ക് ഒഴുകിയ ഇന്ധനം നീക്കം ചെയ്യുക. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏജന്‍സികള്‍ നടത്തുന്നത്.
മുങ്ങിപ്പോയ എല്ലാ കണ്ടെയ്നറുകളും പുറത്തെടുക്കും. ഒഴുകി നടക്കുന്ന എല്ലാ കണ്ടെയ്നറുകളും തീരത്ത് അടുപ്പിക്കും. സാൽവേജ് കമ്പനിയുടെ 108 ആളുകള്‍ ഇപ്പോള്‍ പുറം കടലിലുണ്ട്. ഇവര്‍ ഇന്ധന ചോര്‍ച്ച തടയുന്നതിനും കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും ശ്രമം തുടരുകയാണ്. ആകെ 50 കണ്ടെയ്നറുകള്‍ ഇപ്പോള്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്. കപ്പൽ വീണ്ടെടുക്കുന്നതിനുള്ള സാൽവേജ് ഓപ്പറേഷൻസ് ജൂലൈ മൂന്നിനകം തീര്‍ക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്, ഇതിൽ 12 എണ്ണം കാത്സ്യം കാർബേഡ് ആണ്, ഈ 13 എണ്ണത്തിൽ അഞ്ചെണ്ണം വെള്ളത്തിൽ വീണിട്ടുണ്ട്. ഈ അഞ്ചെണ്ണം ഇതുവരെ തീരത്ത് അടുത്തിട്ടില്ല. ഇത് കടലിന്‍റെ അടിത്തട്ടിൽ അടിഞ്ഞിട്ടുണ്ടോയെന്നറിയാൻ സ്കാനിങ് പരിശോധന നടത്തുന്നുണ്ട്, കാത്സ്യം കാർബേഡ് കപ്പലിന്‍റെ ഹള്ളിലാണ് അടുക്കിയത്. അതുകൊണ്ടാണ് അത് കപ്പലിനൊപ്പം മുങ്ങിപ്പോയത്. 13ാമത്തെ കണ്ടെയ്നറിൽ ഉണ്ടായിരുന്നത് റബർ കെമിക്കലാണ്.
റേഡിയോ ആക്റ്റീവ് വിഭാഗത്തിലുള്ള കണ്ടെയ്നറുകൾ ഒന്നും കപ്പലിൽ ഉണ്ടായിരുന്നില്ല. ബാലന്‍സ് മാനേജ്മെന്റ് സംവിധാനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന് സാങ്കേതിക തകരാർ സംഭവിച്ചതുമാകാം. കപ്പലിന്‍റെ ബാലന്‍സ് ഉറപ്പാക്കുന്ന സംവിധാനത്തിലെ പാളിച്ചയാണോയെന്നതടക്കം പരിശോധിക്കും.
ഇതിലെ വാൽവുകൾക്ക് തകരാർ സംഭവിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്.
മുങ്ങിയ കപ്പൽ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും അനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ജൂലൈ മൂന്നിനുശേഷം മുങ്ങിയ കപ്പൽ ഉയർത്തുന്നതിനുള്ള ശ്രമം തുടങ്ങും. അതിനുമുമ്പായി മുങ്ങിയ കപ്പലിലെ മുഴുവൻ കണ്ടെയ്നറുകളും പുറത്തെടുക്കും. കപ്പൽ 50 അടി താഴ്ചയിലാണ് ഇപ്പോഴുള്ളത്. കാത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ ആണ് സ്കാനിങ് അതിവേഗം നടത്തുന്നത്. കപ്പൽ ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam