പല ഡിജെ പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദി, സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സതീദേവി 

By Web TeamFirst Published Nov 19, 2022, 1:12 PM IST
Highlights

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു. 

കൊച്ചി : കൊച്ചി കൂട്ട ബലാൽത്സംഗത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. ഡിജെ പാർട്ടികളിൽ പൊലീസ് ശ്രദ്ധ വേണം. പല ഡിജെ  പാർട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്. സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംവിധാനം കൂടുതൽ ശ്രദ്ധ പുലർത്തണം. നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും സതീ ദേവി പറഞ്ഞു. 

ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി പറഞ്ഞു. തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു. 

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്നലെ പകൽ പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ  നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ ഇന്നലെ വൈകോട്ടെടെ കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

click me!