
കൊച്ചി: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സര്‍വീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ടായിരുന്നു പരീക്ഷണ പറക്കൽ. ലക്ഷദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സീ പ്ലെയിൻ സർവീസ് ക്രമീകരിച്ചത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കൽ നടത്തുന്നത്. 20 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ് നടത്തുക. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഒരു മണിക്കൂറിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്താം. തിരിച്ച് കൊച്ചിയിലേക്കും എളുപ്പത്തിൽ എത്താനാവും. ഇതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam