'വോട്ട് ചോരി'; കെസി വേണുഗോപാലിനെതിരെ പരോക്ഷ വിമർശനം; തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

Published : May 13, 2026, 01:38 PM IST
KC Venugopal

Synopsis

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലെ കാലതാമസത്തിലും, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കെസി വേണുഗോപാലിനെ പരിഗണിക്കുന്നു എന്നതിലും കോൺഗ്രസ് നേതൃത്വത്തിനെതിരെ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. ഇതിനെ 'വോട്ട് ചോരി' എന്ന് വിശേഷിപ്പിച്ച അവർ, ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും കുറ്റപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് തീരുമാനം വൈകിയ സാഹചര്യത്തിൽ കെസി വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ച് സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. സാറാ ജോസഫ്, എംഎൻ കാരശേരി, കല്പറ്റ നാരായണൻ, കെ. ജി. ശങ്കരപ്പിള്ള, യു. കെ. കുമാരൻ, എസ്. ജോസഫ്, ഡോ ആസാദ്, ഡോ സി.ജെ ജോർജ് എന്നിവരാണ് വിമർശനവുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വലിയ ഭൂരിപക്ഷം നേടിയ മുന്നണി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ജനവിധിയുടെ ആത്മാവുകാണാൻ ശേഷിയില്ലാത്തതാണ് ഈ പ്രശ്നത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു.

വോട്ട് ചോരിക്കെതിരെ ജനാധിപത്യ സംരക്ഷണ പ്രതിരോധം തീർക്കുകയെന്ന ആവശ്യത്തോടെയാണ് ഇവർ രംഗത്ത് വന്നത്. ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാൻ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങൾ കാണുന്നതെന്ന് ഇവരുടെ പ്രസ്താവനയിലുണ്ട്. എംഎൽഎയല്ലാത്ത കെസി വേണുഗോപാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനെയാണ് 'വോട്ട് ചോരി' എന്ന പ്രയോഗത്തിലൂടെ വിമർശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിച്ച് വോട്ടുചോരി സംസ്കാരത്തിന് ഊന്നുകാൽ നൽകുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ എന്നും വിമർശിക്കുന്നു.

'പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ തങ്ങളുടെ കൂട്ടത്തിൽനിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാൾ തെരഞ്ഞെടുപ്പിൽ തോൽക്കാനിടയായാൽ ചിലപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗർഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. അതിൽ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാർഹമായ സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോൺഗ്രസ്സിന്റേ ആഭ്യന്തരപ്രശ്നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങൾ അവരെ ഓർമ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങൾക്കെതിരായ യുദ്ധമാണ്. അതിൽ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിൻ്റെ ജനാധിപത്യധർമ്മമാണ്.'

'കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദർഭത്തിൻ്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ജനാധിപത്യധ്വംസനത്തിന് ഇട നൽകാതെ ജനവികാരം ഉൾക്കൊണ്ട് ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളേണ്ടതാണ് എന്ന് ഓർമ്മിപ്പിക്കുന്നു.' ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാൻ ജനാധിപത്യ വിശ്വാസികളായ സാംസ്കാരിക പ്രവർത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്‌ത ഇവർ, പൊതുസമൂഹത്തിനൊപ്പം കൈകോർത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീർക്കാനും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയാരെന്ന ആകാംക്ഷയിൽ കേരളം; വി ഡി സതീശൻ ആലുവയിലെ വീട്ടിൽ, കാണാനെത്തി രണ്ട് നിയുക്ത എംഎൽഎമാർ
മെയ് 4 ന് സന്തോഷത്തിന്‍റെ കേക്ക് മുറിച്ച് കഴിച്ച പൊലീസുകാരോടാണ്, ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലുമെന്ന് എസ്എഫ്ഐ; നീറ്റ് ക്രമക്കേടിലെ പ്രതിഷേധം സംഘർഷഭരിതം