
കൊച്ചി: 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയർ മിനിമോളും പ്രതികരിച്ചു.
അതേസമയം, തീരുമാനത്തിനെതിരെ ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകി. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നാണ് ദീപ്തിയുടെ ആരോപണം. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. അതിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വർഗീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam