
കൊച്ചി: ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിൽ പിടിച്ചുപറി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി, ബാവാ മൻസിലിൽ ഖാസി വൈ ബി നിസാമുദ്ദീൻ (30) ആണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുമ്പ് വടിയുമായി ഔട്ട്ലെറ്റിന് അകത്ത് കയറിയ നിസാമുദ്ദീൻ മക്ഡൊണാൾഡ്‌സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. വധിക്കുമെന്ന് ഭീഷണി കേട്ട് ഭയന്ന ജീവനക്കാർ ഔട്ട്ലെറ്റിലെ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവുമായി പ്രതി കടന്നു കളഞ്ഞെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഓഗസ്റ്റ് 24 ന് രാവിലെയാണ് സംഭവം നടന്നത്. ഈ സമയത്ത് കടയിൽ അധികം ഉപഭോക്താക്കൾ ഉണ്ടായിരുന്നില്ല. ജീവനക്കാർ ജോലി ചെയ്തുകൊണ്ടിരിക്കെ യുവാവ് പൊടുന്നനെ കയറിവരികയായിരുന്നു. ഭയന്ന ജീവനക്കാർ മർദ്ദനമേൽക്കുമെന്ന് ഭയന്ന് മാറിനിന്നതായാണ് വിവരം. നേരത്തെ തന്നെ ജീവനക്കാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇയാൾ തോപ്പുംപടി ഭാഗത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഇന്ന് പൊലീസ് ഇവിടെ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നിർദ്ദേശ പ്രകാരം സെൻട്രൽ പേൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. എസ്ഐമാരായ അനൂപ് സി, വിഷ്ണു , അജയകുമാർ, സി പി ഒ ഉണ്ണികൃഷ്ണൻ, പ്രശാന്ത് ബാബു, ഹരീഷ് ബാബു അനൂപ്, സരിൻ, ജോസ് എന്നിവർ തോപ്പുംപടിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.