
കൊച്ചി: ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കും. നിലവിൽ നൽകിയിരുന്ന 10 ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.
ഹ്രസ്വകാലത്തേക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക ഓഫർ 2026 ജനുവരി 26-ാം തീയതി മുതൽ യാത്രക്കാർക്ക് ലഭ്യമായിത്തുടങ്ങും. ക്യൂവിൽ നിൽക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാൻ കൂടുതൽ ആളുകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത്.
മെട്രോ സ്റ്റേഷനുകളിലെ പ്രവേശന ഗേറ്റുകൾ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് നവീകരിച്ചതോടെ മൊബൈൽ ടിക്കറ്റുകൾ സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. പുതിയ സംവിധാനം വഴി ഫോണിലെ ക്യൂആർ കോഡ് വേഗത്തിൽ തിരിച്ചറിയാനും തടസ്സമില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സാധിക്കും. കൊച്ചി മെട്രോയുടെ ആകെ ടിക്കറ്റ് വിൽപ്പനയുടെ 34 ശതമാനവും നിലവിൽ ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് നടക്കുന്നത്. ഈ നിരക്ക് ഇനിയും ഉയർത്താനാണ് അധികൃതരുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam