കൊവിഡില്‍ പ്രതിസന്ധിയിലായി കേരളത്തിന്‍റെ മെട്രോയും; വായ്പാ തിരിച്ചടവുകള്‍ മുടങ്ങി

By Web TeamFirst Published Jul 4, 2020, 7:02 AM IST
Highlights

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സർവ്വീസ് നിർത്തലാക്കിയതോടെ കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി. സാവകാശം അനുവദിക്കാൻ ഫ്രഞ്ച് വികസന ഏജൻസിയോട് കേന്ദ്രസർക്കാർ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍.

യാത്രക്കാരും, ടിക്കറ്റ് ഇതരവരുമാനം വഴിയും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കൊച്ചി മെട്രോക്ക് കൊവിഡ് വരുത്തിയത് കനത്ത നഷ്ടമാണ്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞു. മാർച്ച് 20 മുതൽ സർവ്വീസ് പൂർണ്ണമായി നിർത്തിലാക്കിയതോടെ വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. ഇതിൽ ഫ്രഞ്ച് വികസന ഏജൻസിയിൽ നിന്ന് മാത്രം 1500 കോടി രൂപയുടേതാണ് വായ്പ.

ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതിൽ മാർച്ച് മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആർഎല്ലിന് തിരിച്ചടയ്ക്കാനായത്. 1200 ജീവനക്കാരാണ് കെഎംആർഎല്ലിൽ ജോലിയെടുക്കുന്നത്. ഇതിൽ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാർക്ക് ഉൾപ്പടെ കെഎംആർഎൽ ആണ് ശമ്പളം നൽകുന്നത്.

മെട്രോ സർവ്വീസ് എന്ന് തുടങ്ങാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നതോടെയാണ് കെഎല്‍ആര്‍എല്‍ സാവകാശത്തിനായി ശ്രമിക്കുന്നത്. പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് വായ്പ തിരിച്ചടവിന് സാവകാശം തേടിയിരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനായി ലക്ഷ്യമിട്ട് പ്രഖ്യാപിച്ച കാക്കനാട്ടെ മെട്രോ വില്ലേജിന്‍റെയും സൗത്ത് റെയിൽവെ സ്റ്റേഷനിലെ ഹോട്ടലിന്‍റെയും നിര്‍മ്മാണം ഇതുവരെ തുടങ്ങാനുമായിട്ടില്ല.

<

click me!