രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു, പ്രതിദിന വർധന 21,000 കടന്നേക്കും, മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം

By Web TeamFirst Published Jul 4, 2020, 6:44 AM IST
Highlights

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6,364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 4329 പേർക്ക്  പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 198 ഉം തമിഴ്‌നാട്ടിൽ 64 ഉം ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 2520 കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി.

കർണാടകയിലും ഉത്തർപ്രദേശിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. കർണാടകയിൽ 1694 കേസുകളും ഉത്തർപ്രദേശിൽ 972 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം തദ്ദേശീയ വാക്സിനായ കോവാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാനുള്ള നീക്കങ്ങൾ പ്രയോഗികമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വന്നതോടെ ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറക്കും.

click me!