
കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ ജില്ലാ കോടതിയിൽ ഹാജരായി. മെട്രോയിൽ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാന് അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് എറണാകുളം ജില്ലാ കോടതിയിൽ ഹാജരായത്. കെഎംആൽഎൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
സ്പീക്കറുടെ ചേമ്പർ തകര്‍ത്ത കേസ് അടക്കം ഒത്തുതീര്‍പ്പാക്കിയ സര്‍ക്കാരാണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും നിയമപരമായി തന്നെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരും ടിക്കറ്റ് എടുത്തിട്ട് തന്നെയാണ് യാത്ര ചെയ്തതെന്നും അക്രമാസക്തമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേസ് അടുത്ത മാസം 27 ന് വീണ്ടും പരിഗണിക്കും.
രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍, എം.എല്‍.എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റു ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളുമാണ് മെട്രോയില്‍ യാത്ര ചെയ്ത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര.
മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറാക്കി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam