വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി, ബന്ധു വീടുകളിൽ അഭയം തേടുന്ന ജനം; സർക്കാർ അനാസ്ഥക്കെതിരെ ജനരോഷം

Published : Mar 12, 2023, 12:54 PM ISTUpdated : Mar 12, 2023, 01:05 PM IST
വിഷപ്പുകയിൽ ശ്വാസം മുട്ടി കൊച്ചി, ബന്ധു വീടുകളിൽ അഭയം തേടുന്ന ജനം; സർക്കാർ അനാസ്ഥക്കെതിരെ ജനരോഷം

Synopsis

'ബ്രഹ്മപുരത്ത് നടന്ന അഴിമതിയും ക്രമക്കേടും ഉത്തരവാദപ്പെട്ടവർ അറിഞ്ഞില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചുവെച്ചു. രണ്ടും വലിയ വീഴ്ചയാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രാദേശിക സംവിധാനങ്ങളെ മാത്രം എല്ലാം ഏൽപ്പിച്ചു സർക്കാർ കാഴ്ചക്കാരായി മാറിനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്'.

കൊച്ചി : വിഷപ്പുകയിൽ പതിനൊന്നാം ദിനവും ശ്വാസം മുട്ടി കൊച്ചി. ആരോഗ്യപ്രശ്നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങളുമായി  പലരും ബന്ധു വീടുകളിലും ഹോട്ടലുകളിലും ജനം അഭയം തേടി. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാർ വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് മടങ്ങി. വിഷപ്പുകയിൽ സർക്കാർ അനാസ്ഥക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഒരു നിർമാർജന സംവിധാനവും ഇല്ലാതെ ഇത്രയധികം മാലിന്യം കുന്നുകൂട്ടിയ സർക്കാർ ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന വിമർശനവുമായി പ്രമുഖർ അടക്കം രംഗത്തെത്തി. അധികൃതരുടെ വീഴ്ചയെ കുറിച്ച് തുറന്നടിച്ച് നിരവധിപ്പേരാണ് ഏഷ്യാനെറ്റ് ന്യൂസ്  'കൊല്ലരുത് കൊച്ചിയെ' ക്യാമ്പയിനിലും പങ്കെടുത്തത്.  

തുടക്കത്തിൽ പ്രശ്നത്തെ ലാഘവത്തോടെ കൈകാര്യം ചെയ്ത സംസ്ഥാന സർക്കാരിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനം കനക്കുകയാണ്. ബ്രഹ്മപുരത്ത് നടന്ന അഴിമതിയും ക്രമക്കേടും ഉത്തരവാദപ്പെട്ടവർ അറിഞ്ഞില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചുവെച്ചു. രണ്ടും വലിയ വീഴ്ചയാണ്. തീപിടുത്തം ഉണ്ടായപ്പോൾ പ്രാദേശിക സംവിധാനങ്ങളെ മാത്രം എല്ലാം ഏൽപ്പിച്ചു സർക്കാർ കാഴ്ചക്കാരായി മാറിനിന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം എന്തെന്നതിലോ ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഇപ്പോഴും സർക്കാരിന് ഒരു വ്യക്തതയുമില്ലെന്നതാണ് യാഥാർത്ഥ്യം. 

കൊച്ചിയിലേത് ലജ്ജാകരമായ അവസ്ഥയെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശുദ്ധവായു പൌരന്റെ അടിസ്ഥാന ആവശ്യമാണ്. കൊച്ചിയിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പരാജയമാണുണ്ടായതെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസും തുറന്നടിച്ചു. മന്ത്രിമാരടക്കം എല്ലാവരും വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയമായി. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ താൻ വീട് മാറുകയായിരുന്നുവെന്നും കൊച്ചിയിലേക്ക് തിരികെ വരാൻ തന്നെ പേടിയാണെന്നും സാന്ദ്രാ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംവിധായകൻ വിനയനും രംഗത്തെത്തി. പ്രശ്നപരിഹാരത്തിന് ഗൌരവമുള്ള ചർച്ചകളുണ്ടാകുന്നില്ലെന്നും കൊച്ചിയെ ഈ അവസ്ഥയിലെത്തിച്ചവർ മാപ്പ് അർഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

 

ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പ്രതികരിച്ചു. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതർക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികൾ ജനങ്ങളോട് മറുപടി  പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്