
കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നാളെ (വെള്ളിയാഴ്ച) കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. രാവിലെ 11.00 മണി മുതൽ വൈകിട്ട് 04.00 മണി വരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ പ്രധാന റോഡുകളിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി നേവൽ ബേസ്, തേവര, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ–പേരണ്ടൂർ റോഡ്, ദേശാഭിമാനി–പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി–ചങ്ങമ്പുഴ റോഡ്, ബി.ടി.എസ് റോഡ്, ഇടപ്പള്ളി മഠം ജംഗ്ഷൻ, ചങ്ങമ്പുഴ–ബി.ടി.എസ് റോഡ് ജംഗ്ഷൻ എന്നീ മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആലുവ–പാലാരിവട്ടം പിഡബ്ല്യുഡി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ആലുവയിൽ നിന്ന് കലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ജംഗ്ഷൻ – പാലാരിവട്ടം – വൈറ്റില – എസ്.എ. റോഡ് – കടവന്ത്ര – കലൂർ – കതൃക്കടവ് റോഡ് വഴി യാത്ര ചെയ്യണം. എറണാകുളം ഹൈക്കോടതി ഭാഗത്തേക്ക് വരുന്നവർ ആലുവ, പറവൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴിയും, കാക്കനാട് നിന്നുള്ള വാഹനങ്ങൾ പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസ് – ഇടപ്പള്ളി – ചേരാനെല്ലൂർ റോഡ് വഴി ചേരാനെല്ലൂർ ജംഗ്ഷനിലെത്തി ഫ്രീ ലെഫ്റ്റ് എടുത്ത് കണ്ടെയ്നർ റോഡ് വഴിയും പോകണം.
ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവ, കാക്കനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എൻഎച്ച് 544-ൽ നിന്നും ഇടപ്പള്ളി ഫ്ലൈ ഓവറിന് മുമ്പായി ഇടത്തോട്ട് തിരിഞ്ഞ് ഗ്രാൻഡ് മാളിന് മുന്നിലൂടെ ദേശീയപാത 66 – പാലാരിവട്ടം – വൈറ്റില – കുണ്ടന്നൂർ ജംഗ്ഷൻ – കുണ്ടന്നൂർ പാലം – അലക്സാണ്ടർ പറമ്പിത്തറ പാലം – ബിഒടി ഈസ്റ്റ് ജങ്ഷൻ – തോപ്പുംപടി വഴി യാത്ര ചെയ്യണം. എറണാകുളം, ആലുവ ഭാഗത്തേക്ക് പോകുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം – അലക്സാണ്ടർ പറമ്പിത്തറ പാലം – കുണ്ടന്നൂർ ജംഗ്ഷൻ – വൈറ്റില – പാലാരിവട്ടം – ദേശീയപാത 66 വഴി പോകേണ്ടതാണ്. വൈപ്പിൻ ഭാഗത്തേക്ക് പോകുന്ന വൈപ്പിനിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ് ഉപയോഗിക്കേണ്ടതാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകുന്നവർ ഫോർട്ട് കൊച്ചി–വൈപ്പിൻ ജങ്കാർ സർവീസ് പരമാവധി പ്രയോജനപ്പെടുത്തണം.
വി.വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംഗ്ഷൻ മുതൽ തേവര – എം.ജി. റോഡ് – ബാനർജി റോഡ് – കലൂർ സ്റ്റേഡിയം – പാലാരിവട്ടം വരെയുള്ള പ്രധാന റൂട്ടിൽ വഴിയരികിലെ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. തിരക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ പരമാവധി കൊച്ചി മെട്രോ റെയിൽ സർവീസ് പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam