ചരക്ക് നീക്കം കുറഞ്ഞു, ഗോഡൗണുകളെല്ലാം കാലി, വളർച്ച മുരടിച്ച് കൊച്ചി തുറമുഖവും വില്ലിങ്ടൺ ഐലൻ്റും

Published : Feb 22, 2025, 09:08 AM ISTUpdated : Feb 22, 2025, 10:01 AM IST
ചരക്ക് നീക്കം കുറഞ്ഞു, ഗോഡൗണുകളെല്ലാം കാലി, വളർച്ച മുരടിച്ച് കൊച്ചി തുറമുഖവും വില്ലിങ്ടൺ ഐലൻ്റും

Synopsis

വല്ലാർപാടത്ത് ട്രാൻഷിപ്പ്മെന്റ് ടെർമിനൽ എത്തിയതിന് പിന്നാലെ ഐലന്റിലും പഴയ തുറമുഖത്തും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ തുടർ വികസനം മുടങ്ങി.

കൊച്ചി: വിദേശത്ത് നിന്നുള്ളതിന് പുറമെ ആഭ്യന്തര ചരക്ക് നീക്കവും കൂടി കുറഞ്ഞതോടെ വളർച്ച മുരടിച്ച് കൊച്ചി തുറമുഖവും വില്ലിങ്ടൺ ഐലന്റും. വല്ലാർപാടത്ത് ട്രാൻഷിപ്പ്മെന്റ് ടെർമിനൽ എത്തിയതിന് പിന്നാലെ ഐലന്റിലും പഴയ തുറമുഖത്തും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ തുടർ വികസനം മുടങ്ങി. 800 ഏക്കറിൽ കൊച്ചിയുടെ വ്യാപാര കേന്ദ്രമായിരുന്ന വില്ലിങ്ടൺ ഐലന്റിന്റെ 50 ശതമാനത്തിലധികം ഭൂമി കാട് കയറി നശിക്കുകയാണ്.

പതിറ്റാണ്ടുകൾ കൊച്ചിയുടെ വ്യാപാര സിരാകേന്ദ്രമായിരുന്നു വില്ലിങ്ടൺ ഐലന്റും, രാജീവ് ഗാന്ധി കണ്ടൈനർ ടെർമിനലും. കപ്പലുകളെത്താനുള്ള ക്യു വൺ മുതൽ ക്യു ടെൻ വരെ ബെർത്തുകൾ ഇന്ന് കൂടുതൽ സമയവും ഒഴിഞ്ഞ് കിടക്കുകയാണ്. നേരത്തെ ചെറിയ കപ്പലുകൾ നിറഞ്ഞ് കിടന്ന തുറമുഖമാണ് ഇത്. വില്ലിങ്ടൺ ഐലന്റിലും ഏതാനും ഷിപ്പിംഗ് കമ്പനികളുടെ ഓഫീസ് മാത്രമാണ് ഉള്ളത്. അരിയും, ഗോതമ്പും മരത്തടികളും രാസവളങ്ങളും യന്ത്രങ്ങളും കപ്പലിൽ നിന്നിറക്കി സൂക്ഷിച്ചിരുന്ന ഗോഡൗണുകളെല്ലാം കാലിയാണ്. 

Also Read: പ്രഖ്യാപനം മാത്രം മതിയോ, വികസിക്കണ്ടേ? പ്രഖ്യാപനങ്ങളിൽ ഒതുങ്ങി കൊച്ചി വല്ലാർപാടം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ്

പൊളിഞ്ഞ് വീഴാറായ കസ്റ്റംസ്- പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സുകൾ, സിഐഎസ്എഫ് ബാരക്കുകളും, ചരിത്രമുറങ്ങുന്ന ഹാർബർ റെയിൽവേ സ്റ്റേഷനും കെട്ടിടങ്ങൾ മാത്രമായി. പണ്ടൊരു പ്രതാപ കാലമുണ്ടായിരുന്നതിൻ്റെ ഓർമപ്പെടുത്തൽ മാത്രമായി പോർട്ട് ട്രസ്റ്റ് ആസ്ഥാനവും, താജ് മലബാർ ഹോട്ടലും പഴയ പടിയുണ്ട്. കൊച്ചിൻ ഷിപ്പ‍യാർഡിന്റെ റിപ്പയർ സെന്റർ, സിമന്റ് കമ്പനികളുടെയും പൊതുമേഖല സ്ഥാപനങ്ങളായ എഫ്എസിടി, ബിപിസിഎൽ ബർത്തുകൾ, ക്രൂയിസ് ടെർമിനൽ തുടങ്ങിയവയാണ് നിലവിലെ പോർട്ട് ട്രസ്റ്റിന്റെ വരുമാന മാർഗം. നേരത്തെ വലിയ ബ്രാൻഡുകളുടെ മേൽവിലാസമായിരുന്ന സ്ഥലത്ത് ഇപ്പോൾ ഏതാനും ചില കമ്പനികളുടെ ഓഫീസും, കേന്ദ്രസർക്കാർ സ്ഥാപനങ്ങളുണ്ട്. 

പോർട്ട് ട്രസ്റ്റ് നയങ്ങൾ തന്നെയാണ് വികസനത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കിയതെന്നാണ് വിമർശനം. മദർ ഷിപ്പുകളെത്തിച്ചുള്ള ട്രാൻഷിപ്പ്മെന്റിനായാണ് 2011ൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡിപി വേൾഡുമായി വല്ലാർപാടത്ത് കരാറിൽ എത്തുന്നത്. പ്രതിഫലം 33 ശതമാനം റോയൽറ്റി. എന്നാൽ പ്രതീക്ഷിച്ച ട്രാൻഷിപ്പ്മെന്റ് ചരക്ക് വല്ലാർപാടത്ത് എത്തിയില്ല. പ്രതിരോധ, ബൾക്ക് കാർഗോകൾ ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിന് പഴയ തുറമുഖത്തിൽ നിബന്ധനകളും, ഡിപി വേൾഡിന്റെ അനുമതിയും വേണമെന്നായി. ഇതോടെ കൊച്ചിയിലെത്തുന്ന ആഭ്യന്തര, വിദേശ കാർഗോകളുടെ ഭൂരിഭാഗവും 11കിലോമീറ്റർ ദൂരെയുള്ള വല്ലാർപാടത്തേക്ക് പോയി. പഴയ കൊച്ചി തുറമുഖത്ത് ആളൊഴിഞ്ഞു.

പഴയ കൊച്ചി തുറമുഖത്ത് വരുന്ന കപ്പലിന് തിരികെ പോകാനുള്ള ആഴം കപ്പൽ ചാലിനില്ലാത്തതും പ്രതിസന്ധിയാണ്. ടഗ് ബോട്ട് ഉപയോഗിച്ച് തുറമുഖത്ത് നിന്ന് കപ്പൽ കൊണ്ട് പോകുന്നതിലൂടെ സമയവും അദ്ധ്വാനവും നഷ്ടമാകുന്നു. വല്ലാർപാടത്ത് കപ്പൽചാലിന് ആഴം കൂട്ടാൻ വർഷാവർഷം 100 കോടിയിലധികം രൂപ ചിലവാക്കുമ്പോൾ പോർട്ട് ട്രസ്റ്റിന്റെ സ്വന്തം തുറമുഖത്തെ അത് ക്ഷീണിപ്പിച്ചു. കൊച്ചി നഗരത്തോട് ചേർന്നുള്ള കണ്ണായ ഭൂമിയാണ് ഉപയോഗശൂന്യമാകുന്നത്. എന്നാൽ ഇതിനെപറ്റി നിലവിൽ ഒന്നും പറയാൻ ഇല്ലെന്നാണ് പോർട്ട് ട്രസ്റ്റ് ചെയർമാന്റെ പ്രതികരണം.

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു