ഫ്ലാറ്റുകൾ പൊളിക്കാൻ നിയോഗിച്ച കളക്ടര്‍ ചുമതലയേറ്റു; വൈദ്യുതി വിച്ഛേദിക്കുന്നതിന് നോട്ടീസ് നല്‍കി

By Web TeamFirst Published Sep 25, 2019, 10:41 AM IST
Highlights

കനത്ത പ്രതിഷേധത്തിനിടെയും ഉടമകളെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. വൈദ്യുതിയും, വെള്ളവും, പാചകവാതകവും വിച്ഛേദിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മരട് മുൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി സർക്കാർ നിയോഗിച്ച ഫോർട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹിൽ കുമാർ സിം​ഗ് ചുമതലയേറ്റു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് സ്നേഹിൽ  കുമാർ സിംഗ് പറഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കുന്നത്. 

ഉടമകളുടെ കനത്ത പ്രതിഷേധത്തിനിടെയും ഫ്ലാറ്റുകളിലെ വെള്ളം പാചകവാതകം വൈദ്യുതി തുടങ്ങിയവ റദ്ദ് ചെയ്യുന്നതിനുള്ള നോട്ടീസ് നഗരസഭ നല്‍കി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായുളള നടപടികളിലൂടെ ഫ്ലാറ്റിലെ താമസക്കാരുടെ ചെറുത്തുനിൽപ്പിനെ തടയാമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നൽകിയ ഹർജിയും ഹൈക്കോടതി തളളിയതോടെ സമരപരിപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

പാചകവാതകവും വൈദ്യുതിയും റദ്ദ് ചെയ്താലും ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്നും മറ്റ് നടപടികള്‍ നോക്കുമെന്നുമായിരുന്നു ഫ്ലാറ്റ് ഉടമകള്‍ നേരത്തെ വ്യക്തമാക്കിയത്. മരടിലെ അനധികൃത ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള  ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ നിയോ​ഗിച്ച സബ് കലക്ടർ ഇന്ന് ചുമതലയേൽക്കും, മരട് ന​ഗരസഭക്കെതിരെ പ്രതിഷേധം ശക്തം

click me!