കുഴിയില്‍ വീണ് യുവാവിന്റെ മരണം: പലതവണ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി കുഴി അടച്ചില്ലെന്ന് കൊച്ചി മേയ‍ര്‍

By Web TeamFirst Published Dec 12, 2019, 5:09 PM IST
Highlights
  • അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകുമെന്ന് മേയര്‍
  • ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി എട്ട് മാസം മുമ്പ് കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍. കുഴി അടയ്ക്കാൻ പലതവണ കൗൺസിലര്‍ ആവശ്യപ്പെട്ടതാണെന്നും എന്നാൽ അധികൃതര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

"അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗൺസിലർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണ്. പരിഹാരം ഉണ്ടായില്ല. അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകും" എന്നും മേയര്‍ സൗമിനി ജെയിൻ പറഞ്ഞു.

ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ  കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്  അന്വേഷണം നടത്തി  നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. 

click me!