തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ്, കൂടുതൽ പൊലീസുകാർക്കും രോഗം

By Web TeamFirst Published Jul 31, 2020, 4:51 PM IST
Highlights

27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗബാധയുണ്ടായത്. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ.

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കൊച്ചുതുറ ശാന്തിഭവൻ വൃദ്ധസദനത്തിൽ 35 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗബാധയുണ്ടായത്. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളിൽ വളരെ പ്രായം ചെന്നവരും ഉൾപ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററിൽ ഉൾപ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്. എന്നാൽ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ക്ലസ്റ്റർ മേഖലയിൽ പ്രായം ഏറിയവരിലാണ് കൂടുതൽ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലും പരിശോധന നടത്തിയത്. 

തലസ്ഥാനത്ത് ഗുരുതര സ്ഥിതി തുടരുകയാണ്. ഇന്ന് അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ഗൺമാനും പൊലീസ് ആസ്ഥാനത്തെ എസ്ഐക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പോയി. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തിക്കാനാണ് നിലവിൽ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. സെന്റിനൽ സർവയലൻസ് പരിശോധനയിലാണ് ഡോക്ടർക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും തിരുവനന്തപുരത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലാണ് ആശങ്ക തുടരുന്നത്. 

click me!