കൊച്ചി; ബ്ലാക്ക്മെയിലിംഗ് കേസിൽ നടി ഷംന കാസിമിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തിയ ഷംന ക്വാറന്റീനിൽ ആയതിനാൽ ഓൺലാനായാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളുടെ ഫോട്ടോകളും ഷംനയെ കാണിക്കും. ഷംന ക്വാറന്റീനിലായതിനാൽ പ്രതികളുടെ കസ്റ്റഡി വ്യാഴാഴ്ച്ച അവസാനിക്കുന്നതിന് മുൻപ് വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് സാധ്യമല്ല.
കേസിൽ സിനിമ രംഗത്തുള്ള കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി പലരെയും സമീപിച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. നടൻ ധർമ്മജ്ജൻ, താരങ്ങളുടെ നമ്പർ തട്ടിപ്പ് സംഘത്തിന് കൈമാറിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നിവരുൾപ്പെടെ സിനിമ മേഖലയിലെ മൂന്ന് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇതുവരെ മുഖ്യപ്രതി ഹാരിസ് ഉൾപ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്.
ഷംനയുടേത് അടക്കമുള്ള താരങ്ങളുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് നൽകിയത് ആരെന്ന് വ്യക്തമായെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു. എന്ത് ഉദ്ദേശത്തോടെയാണ് നമ്പർ കൊടുത്തതെന്നും വ്യക്തമായതായും അവർ വ്യക്തമാക്കി. താരങ്ങളുടെ ഫോൺ നമ്പർ നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam