കൊടകര കുഴൽപ്പണ കേസ്, ബിജെപി നേതാവിന്റെ മൊഴി തള്ളി അന്വേഷണ സംഘം

By Web TeamFirst Published Jun 1, 2021, 11:50 AM IST
Highlights

ധർമ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നെന്ന സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷന്റെ മൊഴി തെറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കൊച്ചി: കൊടകര കുഴൽപണ കേസിൽ ബിജെപി നേതാവിന്റെ മൊഴി തള്ളി അന്വേഷണ സംഘം. ധർമ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണിൽ വിളിച്ചതെന്നുമുള്ള സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷന്റെ മൊഴി തെറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ധർമ്മരാജന് യാതൊരു തെരഞ്ഞെടുപ്പ് ചുമതലയും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

ധർമ്മരാജനുമായുള്ള ബന്ധത്തെ കുറിച്ചും പണം കവർച്ച ചെയ്യപ്പെട്ട ശേഷമുള്ള ഫോൺ കോളുകളുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും ഗണേഷിനോട് ചോദ്യം ചെയ്യലിനിടെ ആരാഞ്ഞത്. ധര്‍മ്മരാജനെ അറിയാമെന്നും പണത്തെകുറിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സംഘടനാ കാര്യങ്ങള്‍ പറയാൻ മാത്രമാണെന്നായിരുന്നു ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടതെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഗിരീഷ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിൻറെ ചുമതല ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നും ഗണേഷ് മൊഴി നല്‍കിയിരുന്നു. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. 

തെരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്‍മരാജന്‍ തൃശൂരില്‍ എത്തിയത്. ധർമ്മരാജനെ നേതാക്കള്‍ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യകൾ സംസാരിക്കാനല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. പണം കൊണ്ടുവന്നത് ബിജെപി തൃശൂര്‍ ജില്ല ട്രഷററെ ഏൽപ്പിക്കാനായിരുന്നുവെന്നാണ് ധര്‍മ്മരാജന്റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജെന ഫോണില്‍ ബന്ധപ്പെട്ടവരുടെയും പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ബിജെപിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3,4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

പണവുമായെത്തിയ ധര്‍മ്മരാജൻ ഉള്‍പ്പെടെയുളള സംഘത്തിന് തൃശൂരിൽ ഹോട്ടല്‍ മുറിയെടുത്ത് നൽകിയത് താൻ തന്നെയെന്ന് ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു ബിജെപി ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണ് മുറിയെടുത്ത് നല്‍കിയതെന്നാണ് സതീഷിന്റെ മൊഴി.

അതേ സമയം കുഴൽപ്പണ കേസിൽ പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇന്നും പരിശോധന തുടരുകയാണ്. 
കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയിൽ  ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി കണ്ടെത്താനാണ് പരിശോധന. അറസ്റ്റിലായ 19 പ്രതികളിൽ 12 പേരുടെ വീടുകളിൽ ഇന്നലെയും പരിശോധന നടന്നിരുന്നു.  കണ്ണൂർ , കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!