കൊടകര കള്ളപ്പണ കേസ്; തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി, രണ്ടാഴ്ച സമയമെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Jun 23, 2021, 03:27 PM ISTUpdated : Jun 23, 2021, 04:46 PM IST
കൊടകര കള്ളപ്പണ കേസ്; തീരുമാനം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി, രണ്ടാഴ്ച സമയമെന്ന് ഹൈക്കോടതി

Synopsis

കളളപ്പണത്തിൻ്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമർപ്പിക്കാൻ ഇഡിക്ക്  ഹൈക്കോടതി രണ്ടാഴ്ച സമയം നൽകി. 

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ തീരുമാനം അറിയിക്കാൻ ഇഡി വീണ്ടും സമയം ആവശ്യപ്പെട്ടു. കളളപ്പണത്തിൻ്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമർപ്പിക്കാൻ ഇഡിക്ക്  ഹൈക്കോടതി രണ്ടാഴ്ച സമയം നൽകി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.

കൊടകര കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാധ്യതകൾ ചൂണ്ടിക്കാട്ടി ആഴ്ചകൾക്കു മുമ്പ്തന്നെ സംസ്ഥാന പൊലീസ് കത്തു നൽകിയിരുന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുളളവർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്‍റ് പിൻവലിഞ്ഞത്. ഈ കളളപ്പണ ഇടപാട് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ നൽകിയ ഹ‍ർജിയിലാണ് ഇ ഡി യുടെ ഒളിച്ചു കളി വീണ്ടും പുറത്തുവന്നത്. 

പത്തുദിവസത്തിനുളളിൽ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത് എന്നാൽ എൻഫോഴ്സ്മെന്‍റ് മറുപടി നൽകിയില്ല. കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നൽകി. കൊടകര ഹവാല ഇടപാട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ മടിച്ചു നിൽക്കുന്നതിനെതിരെ നേരത്തെ തന്നെ വിമ‍ർശനം ഉയ‍ർന്നതാണ്. സ്വർണക്കളളക്കടത്തുകേസിലും ഡോളർ ഇടപാടിലും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെവരെ വേഗത്തിലുളള അന്വേഷണത്തിനിറങ്ങിപ്പുറപ്പെട്ട കേന്ദ്ര ഏജൻസികളാണ് കൊടകര കേസ് വന്നപ്പോൾ കയ്യും കെട്ടി നോക്കിനിൽക്കുന്നത് എന്നാണ് വി‍മർശനം.

അതേസമയം, കേസിൽ കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ കോഴിക്കോട് സ്വദേശി ധർമ്മരാജ് നൽകിയ ഹർജി പരിഗണിക്കുന്നത്  ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പണത്തിൻ്റെ രേഖകൾ ഹാജരാക്കാനും കോടതി ധർമ്മരാജനോടാവശ്യപ്പെട്ടു. 

 പണമെത്തിയത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പണം കടത്തിയ ധർമ്മരാജിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ളതാണ് പൊലീസിൻ്റെ റിപ്പോർട്ട്. 

കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധർമ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകൾ നടന്നതിൻ്റെ രേഖകൾ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് കവർച്ചാ പണവുമായി ബന്ധപ്പെതല്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള പണം പൂർണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്. 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്