കൊടകര കവർച്ച കേസിൽ അന്വേഷണം ആർഎസ്എസ് നേതൃത്വത്തിലേക്ക്; ധർമരാജനുമായി 10 വർഷത്തെ ബന്ധമെന്ന് സുനിൽ നായ്ക്

By Web TeamFirst Published Apr 29, 2021, 1:05 PM IST
Highlights

ധർമരാജനുമായി 10 വർഷത്തെ ബന്ധമുണ്ട്, പരസ്പരം പണമിടപാടുകൾ നടത്താറുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു ഇടപാടുകൾ, ഇതിന് തെളിവുകളുമുണ്ടെന്നും സുനിൽ നായ്ക് പറയുന്നു.

കോഴിക്കോട്: കൊടകര വാഹന കവർച്ച കേസിൽ അന്വേഷണം ആർഎസ്എസ് ബിജെപി നേതൃത്വത്തിലേക്ക്. പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് റൂറൽ എസ്പി ജി പൂങ്കുഴലി വ്യക്തമാക്കി. ധർമ്മരാജന് പണം നൽകിയ യുവ മോർച്ച നേതാവ് സുനിൽ നായിക്കിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കേസിൽ ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്. 

കവർച്ച കേസിൽ ബിജെപി ബന്ധം ആരോപിച്ച് സിപിഎമ്മും കോൺഗ്രസ്സും നേരത്തെ രംഗത്തെത്തിയെങ്കിലും ആദ്യമായാണ് പൊലീസ് ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം നൽകുന്നത്. പണം കൊടുത്തുവിട്ടയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ഇയാൾക്ക് പണം നൽകിയെന്ന കരുതുന്ന യുവമോർച്ച നേതാവ് സുനിൽ നായിക്കിന് ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സുനിലിൽ നിന്ന് പൊലീസ് മൊഴിയെടുത്തത്.

25 ലക്ഷം രൂപ നഷ്ടമായതായാണ് ധർമ്മരാജന്റെ പരാതി. എന്നാൽ മൂന്നരക്കോടി രൂപ വാഹനത്തിൽ ഉണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പണമാണെന്നുമാണ് ആരോപണം. ഒമ്പതാം പ്രതി ബാബുവിന്റെ വീട്ടിൽ നിന്ന് മാത്രം മുപ്പത് ലക്ഷം രൂപയിലധികം വിലപിടിപ്പുള്ള വസ്തുക്കൾ പിടികൂടിക്കഴിഞ്ഞു. ഇന്ന് പിടിയിലായ ഷുക്കൂറിൽ നിന്ന് പിടിച്ചെടുത്തത് മുപ്പതിനായിരം രൂപ. വാഹനത്തിൽ കടത്താൻ ശ്രമിച്ച സംഖ്യ വലുതാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അതേ സമയം താൻ ആർഎസ്എസ്കാരനാണെന്നും പരാതിയിൽ പറ‍ഞ്ഞ തുക മാത്രമാണ് നഷ്ടമായതെന്നും ധർമ്മരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ധർമ്മരാജനും താനും വർഷങ്ങളായി ബിസിനസ് പങ്കാളികളാണെന്നും രാഷ്ട്രീയ ബന്ധങ്ങളില്ലെന്നുമാണ് സുനിൽ നായിക്കിന്റെ വിശദീകരണം. ധർമരാജനും താനും വർഷങ്ങളായി ബിസിനസ് പാർട്ട്ണർമരാണെന്നാണ് സുനിൽ നായ്ക്ക് അവകാശപ്പെടുന്നത്. ഇന്നലെ പൊലീസ് മൊഴിയെടുത്തിരിന്നുവെന്നും കൊടകരയിലെ പണവുമായി തനിക്ക് ബന്ധമില്ലെന്നും സുനിൽ നായ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ധർമരാജനുമായി 10 വർഷത്തെ ബന്ധമുണ്ട്, പരസ്പരം പണമിടപാടുകൾ നടത്താറുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു ഇടപാടുകൾ, ഇതിന് തെളിവുകളുമുണ്ടെന്നും സുനിൽ നായ്ക് പറയുന്നു. കേസിൽ അഞ്ച് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 

click me!