
കോഴിക്കോട്: സാധാരണക്കാരെ ചുവപ്പുനാടയിൽ കുരുക്കുന്ന ഉദ്യോഗസ്ഥർ കോടഞ്ചേരിയിലെ നിയലംഘനങ്ങളോട് കണ്ണടച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള തോട്ടഭൂമി വെട്ടിവെളുപ്പിക്കാൻ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാർ അടക്കം കൂട്ടുനിന്നു. ഹൈക്കോടതി ഉത്തരവും കാറ്റിൽപ്പറത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ കോഴിക്കോട് കോടഞ്ചേരി വില്ലേജില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമായി. ഉദ്യോഗസ്ഥർ ഇത് കണ്ടഭാവം നടിച്ചില്ല. സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും നൂലാമാലകള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥരാണ് നോളജ് സിറ്റിയുടെയും എന്റർടെയ്ൻമെന്റ് സിറ്റിയുടെയുമെല്ലാം നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നത്.
അഴിയൂര്‍ പഞ്ചായത്തിലെ നിസാര്‍ ഹംസയെന്ന സാധാരണക്കാരന്‍ വീട് നിര്‍മിക്കാനുളള പെര്‍മിറ്റിനായി ഓഫീസുകള്‍ കയറിയിറങ്ങിയത് ആറ് വര്‍ഷമാണ്. ഈ സമയത്താണ് കോടഞ്ചേരിയില്‍ നിയമം മൂലം സംരക്ഷിക്കപ്പെട്ട ഭൂമിയില്‍ അനധികൃത നിര്‍മാണം അരങ്ങുതകര്‍ത്തത്.
കോടഞ്ചേരി വില്ലേജിലെ പലകുന്നത്ത് കൊളായി കുടുംബം, കോഴിക്കോട്ടെ കൊയപ്പത്തൊടി കുടുംബത്തിന് 90 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയതാണ് തോട്ടം. കഴിഞ്ഞ 15 വർഷത്തിനിടെയാണ് മുറിച്ചു വില്‍പനയും ഇടിച്ചുനിരത്തലും വ്യാപകമായത്. ഭൂമി തിരികെ കിട്ടാനായി കൊളായി കുടുംബം നിയമ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പാട്ടക്കാരായ കൊയപ്പത്തൊടി കുടുബം നോളജ് സിറ്റിക്കുള്‍പ്പെടെ ഭൂമി മുറിച്ചുവില്‍ക്കാന്‍ തുടങ്ങിയത്.
ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കാന്‍ ഹൈക്കോടതി ലാന്‍ഡ് ട്രിബ്യൂണലിനെ ചുമതലപ്പെടുത്തിയ ഘട്ടത്തിലാണ് നോളജ് സിറ്റിയുടെ 20 ഏക്കര്‍ ഭൂമിക്ക് പട്ടം അനുവദിച്ചത്. അന്നത്തെ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാരുടെ പ്രത്യേക താത്പര്യത്തോടെയായിരുന്നു ഇത്. ഈ നടപടി
ഹൈക്കോടതി റദ്ദാക്കി. എന്നാൽ അനധികൃത നിര്‍മാണങ്ങള്‍ക്ക് കുറവുണ്ടായില്ല. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ എന്‍റര്‍ടെയന്‍മെന്‍റ് സിറ്റിക്കായി കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam