'മുഴങ്ങട്ടെ കേരളം': ഐക്യകേരളം പിറന്നിട്ട് ആറര പതിറ്റാണ്ട്, എന്നിട്ടും സംസ്ഥാനത്തിന്റെ പേര് പലതരത്തിൽ

Published : Oct 25, 2021, 08:59 AM IST
'മുഴങ്ങട്ടെ കേരളം': ഐക്യകേരളം പിറന്നിട്ട് ആറര പതിറ്റാണ്ട്, എന്നിട്ടും സംസ്ഥാനത്തിന്റെ പേര് പലതരത്തിൽ

Synopsis

ഗവൺമെൻറ് ഓഫ് കേരളയെന്ന ഇംഗ്ലീഷ് എഴുത്ത് ഗവൺമെൻറ് ഓഫ് കേരളം എന്നാകേണ്ട കാലം അതിക്രമിച്ചില്ലേയെന്ന ചോദ്യമാണ് മുഴങ്ങട്ടെ കേരളം ഉയർത്തുന്നത്

തിരുവനന്തപുരം: ഐക്യകേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും സംസ്ഥാനത്തിന്റെ പേര് രേഖകളിലുള്ളത് പലതരത്തിൽ. കേരളാ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ കേരൾ എന്നാണ് ഹിന്ദിയിൽ. എന്നാൽ ഇത് രണ്ടും വേണ്ട കേരളം മതിയെന്ന നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് മുഴങ്ങട്ടെ കേരളം പരമ്പര മുന്നോട്ട് വെയ്ക്കുന്നത്.

ഗവൺമെൻറ് ഓഫ് കേരളയെന്ന ഇംഗ്ലീഷ് എഴുത്ത് ഗവൺമെൻറ് ഓഫ് കേരളം എന്നാകേണ്ട കാലം അതിക്രമിച്ചില്ലേയെന്ന ചോദ്യമാണ് മുഴങ്ങട്ടെ കേരളം ഉയർത്തുന്നത്. കേരളപ്പിറവിയുടെ 65ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ സാഹിത്യ, സാസ്കാരിക നായകരും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും ഏഷ്യാനെറ്റ് ന്യൂസ് മുന്നോട്ട് വെക്കുന്ന ആവശ്യത്തിനൊപ്പം ചേരുന്നു. ഇന്നു മുതൽ കേരളപ്പിറവി ദിനം വരെ പരമ്പരയുണ്ടാകും.

മുഴങ്ങട്ടെ കേരളം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പരക്ക് ഐക്യദാർഡ്യവുമായി ആദ്യദിനമായ ഇന്ന് പ്രശസ്ത കവി മുരുകൻ കാട്ടാക്കട നമസ്തേ കേരളം പരിപാടിയിൽ ചേർന്നു. പാലാ നാരായണൻ നായരുടെ കേരളം വളരുന്നു എന്ന കവിത കവി മുരുകൻ കാട്ടാക്കട ചൊല്ലി. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല.

കേരളത്തെ സംസ്ഥാനത്തിന്റെ പിറവിക്ക് വളരെ മുൻപ് ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം പ്രയോഗിക്കപ്പെട്ടതാണ് കേരളം. കേരം തിങ്ങിനിറഞ്ഞ നാടെന്ന അർത്ഥത്തിലും, ചേരരാജാക്കന്മാരുടെ ഭരണത്തിൻറെ ഓർമ്മയിൽ കേരളമായ ചേരളം, തമിഴിലെ ചാരൽ മാറിയുണ്ടായ കേരളം - അങ്ങിനെ നമ്മുടെ നാടിന് പേര് വന്നതിനെ കുറിച്ച് അസംഖ്യം കഥകളുണ്ട്.

കേരളവും മലയാളവുമെല്ലാം നമുക്ക് ഞരമ്പുകളിൽ തിളക്കുന്ന ചോരയായിട്ടും നാടിൻറെ യഥാർത്ഥ പേര് രേഖപ്പെടുത്തുന്നതിൽ വർഷങ്ങളായി തുടരുന്നത് വിവേചനമാണ്. മലയാളത്തിൽ നമ്മുടെ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ളീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്. ഹിന്ദിയിൽ കേരൾ. കേരളം എന്ന് തന്നെ രേഖപ്പെടുത്തിയാൽ എന്താണ് പ്രശ്നം?

ഗവൺമെൻറ് ഓഫ് കേരളം എന്നാക്കിയാലും മലയാളത്തിൽ എഴുതുന്നത് കേരള സർക്കാർ എന്നാകില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഇതൊരു വെറും പേര് മാറ്റത്തിൻറ പ്രശ്നമല്ല, കേരളത്തിൻറെ സ്വത്വം ഉറപ്പാക്കാനുള്ള യജ്ഞമാണ്. എല്ലാ ഭാഷയിലും നമുക്ക് കേരളം എന്ന് തന്നെ വേണം. അതിനായി കൈകോർക്കാം

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ