
പത്തനംതിട്ട: ബിജെപിയില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് രക്തസാക്ഷികളോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. പത്തനംതിട്ടയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപിൻ്റെ കുടുംബത്തിനുള്ള ധനസഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.
ഒരോ പ്രദേശത്തും പാർട്ടിയുടെ മികച്ച സഖാക്കളെ കണ്ടെത്തി കൊലപ്പെടുത്തുക എന്നത് കേരളത്തിൽ ആർഎസ്എസ് നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ്. സന്ദീപിൻ്റെ കൊലപാതകം ഒരൊറ്റപ്പെട്ട സംഭവം അല്ല. കേരളത്തിൽ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാൻ ഒരു കൊലപാതക പരമ്പര തന്നെ ആർഎസ്എസ് നടത്തി കഴിഞ്ഞെന്നും എന്നിട്ടും സിപിഎം ആ വെല്ലവിളികളെ അതിജീവിച്ച് കേരളത്തിൽ തുടരുകയാണെന്നും കോടിയേരി പറഞ്ഞു.
സിപിഎം അക്രമങ്ങളിൽ വിശ്വസിക്കുന്നില്ല, കൊലപാതകത്തിൽ വിശ്വാസിക്കുന്നില്ല. കൊലപാതകങ്ങൾ കൊണ്ട് ഈ പാർട്ടിയെ തകർക്കാൻ കഴിയില്ല. അങ്ങനെ എങ്കിൽ സിപിഎം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് കഴിയില്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഉത്തർപ്രദേശിലെ നയം കേരളത്തിൽ എന്തായാലും നടക്കില്ല. അക്രമ-വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ബിജെപിക്കാരെ ഒറ്റപ്പെടുത്തണം. ബിജെപിക്കാർ ഇല്ലാത്ത സമൂഹം സൃഷ്ടിക്കുക എന്നതാണ് രക്തസാക്ഷികളോട് കാണിക്കാനുള്ള നീതി.
ദേഹമാസകലം മുറിവേറ്റ സന്ദീപ് എന്തിനാണ് കൊല്ലപ്പെട്ടത്..? തലശ്ശേരിയിൽ കൊല്ലപ്പെട്ട ഹരിദാസ് എന്തു തെറ്റാണ് ചെയ്തത്. സിപിഎമ്മിൻ്റെ ഒരു ഭാവിവാഗ്ദാനമാണ് സന്ദീപിലൂടെ നഷ്ടമായത്. ഇനിയും എത്രയോ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള സഖാവായിരുന്നു സന്ദീപ്. എസ്ഡിപിഐക്കാർ ഒരു ഭാഗത്ത് അക്രമം നടത്തുമ്പോൾ ആർ.എസ്.എസുകാർ അതിന് മൂർച്ച കൂട്ടുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam