
തിരുവനന്തപുരം: പ്രോട്ടോക്കോൾ ലംഘിച്ച് ഐഫോൺ വാങ്ങിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമർശനനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രോട്ടോക്കോൾ ലംഘിച്ചാണ് പാരിതോഷികമായി രമേശ് ചെന്നിത്തല ഐ ഫോൺ വാങ്ങിയത്. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇതെല്ലാം പറയുന്നത്.
കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും ഇതേ പ്രോട്ടോക്കോൾ ലംഘനമാണ് ചെന്നിത്തലയും കോൺഗ്രസും ഉന്നയിച്ചത്. അങ്ങനെയെങ്കിൽ പ്രോട്ടോക്കോൾ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാൻ ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്. എന്തായാലും കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേ.
സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് മറ്റു പലതിലുമാണ് താത്പര്യം. സ്വർണക്കടത്ത് കേസ് ഒരു ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോൾ ശരിയായി. സിബിഐ ഒരു കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്. എന്നാൽ സിബിഐക്ക് കേരളത്തിലേക്ക് പ്രവേശനമില്ലെന്ന നിലപാട് ഞങ്ങൾക്കില്ല.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ പോലും കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം. എല്ലാ നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണം. അതീവ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എല്ലാത്തരം കൂട്ടായ്മകളെല്ലാം ഒഴിവാക്കണം.
ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ഉത്തർപ്രദേശിലെ ബലാത്സംഗവും കൊലപാതകവും അക്രമ സംഭവങ്ങളും ഞട്ടിക്കുന്നതാണ്. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ യുപി പൊലീസിൻ്റെ നടപടി അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam